പന്മന: പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് ഭക്തി ലഹരിയില്‍ കാവടിയുമായി ഭക്തര്‍ പന്മന തമ്പുരാന്റെ തിരുസന്നിധിയിൽ എത്തി. തൈപ്പൂയ ദിവസമായ ഇന്നലെ രാവിലെ ക്ഷേത്രവും പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു. ശങ്കരമംഗലം കാമന് കുളങ്ങര മഹാദേവ ക്ഷേത്രത്തിലെത്തി കാവടിയുമായി പ്രദക്ഷിണം വെച്ച ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഹര ഹര മന്ത്രങ്ങള്‍ ഉരുവിട്ട് പന്മന ക്ഷേത്രത്തിലെക്ക് ഭക്തരെത്തിയത്.
വിവിധ ക്ഷേത്രങ്ങളിൽ നിന്നും കൂട്ടമായി കാവടിയും പന്മന ക്ഷേത്രത്തിലെത്തി. പാല്‍ക്കാവടിയും കുംഭക്കാവടിയും പനിനീര്ക്കാവടിയുമായി എത്തിയ ഭക്തര്‍ തങ്ങള്‍ കൊണ്ടുവന്ന പാലും പനിനീരും ദേവന്റെ മുന്നില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ ശാന്തി മനോജ്കുമാറിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദേവന് അഭിഷേകം നടത്തി. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ തൈപ്പൂയ കാവടിയാട്ടത്തില്‍ വ്രതശുദ്ധിയോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി.
കാവടിയേന്തിയ ഭക്തർ നിറഞ്ഞ് പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
11:08 PM Feb 05, 2023 | Deepika.com