കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മുണ്ടയ്ക്കൽ അമൃതകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പട്ടികജാതി വികസന ഡയറക്ടർ നേരിൽ പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ ബീനാ കുമാരി നിർദേശം നൽകിയത്. ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ അലംഭാവം തുടരുന്നതായുള്ള വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹോസ്റ്റലിലെ ക്രമക്കേടുകളെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ പട്ടികജാതി വികസന വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംവിധാനത്തെ നിയോഗിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി പട്ടികജാതി വികസന ഡയറക്ടർക്ക് ഉത്തരവ് നൽകിയിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ഒക്ടോബർ 31 ന് പട്ടികജാതി വികസന ഡയറക്ടർക്ക് കമ്മീഷൻ നൽകിയ ഉത്തരവിൽ പറഞ്ഞു.
ഹോസ്റ്റലിലെ അറ്റകുറ്റപണികൾക്കായി 2407000 രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ കമ്മീഷനെ അറിയിച്ചു. എന്നാൽ പെയിന്റിംഗ്, പ്ലംബിംഗ് തുടങ്ങിയ ജോലികൾ ഈ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടില്ല. തുടർന്ന് പുതിയ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ 2018 ഡിസംബർ നാലിലെ എസ്റ്റിമേറ്റിൽ പെയിന്റിംഗ്, പ്ലംബിംഗ് തുടങ്ങിയവ ജോലികൾ ഉൾപ്പെട്ടിരുന്നതായി പരാതിക്കാരനായ ഹോസ്റ്റൽ കമ്മിറ്റി സെക്രട്ടറി ജിഷ്ണു കമ്മീഷനെ അറിയിച്ചു. പൂർത്തിയാകാത്ത ജോലികൾക്ക് കരാറുകാരൻ മുഴുവൻ തുകയും വാങ്ങി. ഹോസ്റ്റലിലെ എൽപിജി സംവിധാനം അപകടത്തിലാണെന്നും പരാതിക്കാരൻ അറിയിച്ചു. ഹോസ്റ്റലിന് അനുവദിച്ച ലക്ഷക്കണക്കിന് രൂപ യഥാവിധി ഉപയോഗിക്കാതെ പാഴാക്കിയതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കണക്കുകൾ പരിശോധിച്ചപ്പോൾ അനുവദിച്ച തുകയ്ക്ക് ആനുപാതികമായി അറ്റകുറ്റപണികൾ ചെയ്തിട്ടില്ലെന്നും ബോധ്യപ്പെട്ടു. സിറ്റിംഗിൽ ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തമാണെന്നും ഉത്തരവിൽ പറയുന്നു.
അമൃതകുളം ഹോസ്റ്റൽ പട്ടികജാതി വികസന ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
11:28 PM Feb 02, 2023 | Deepika.com