കൊല്ലം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. കിഴവൂർ അജീന മൻസിലിൽ ജാഫർ(43) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ വീടിന് സമീപം താമസിക്കുന്ന യുവാവ് ഇയാളെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കാൻ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിതനാക്കിയത്. 29-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഇരട്ടപ്പേര് വിളിച്ചതിൽ പ്രകോപിതനായ പ്രതി വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ മർദിക്കുകയായിരുന്നു.
യുവാവിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് തടയാൻ എത്തിയ ഭാര്യയേയും ഇയാൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചാത്തന്നൂർ എസിപി ബി ഗോപകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്ഐ റിനോസ്, സിപിഓ മാരായ സന്തോഷ് ലാൽ, ചന്തു, ഷമീർ, ദിൽഷൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇരട്ടപ്പേര് വിളിച്ചതിന് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
10:48 PM Feb 01, 2023 | Deepika.com