കൊല്ലം: നാളികേരത്തിന്റെ ഉത്പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുകയാണ് കേരഗ്രാമം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കടയ്ക്കല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ മൂന്ന് ലക്ഷത്തോളം തെങ്ങുകളുടെ പരിപാലനമാണ് നടത്തുന്നത്. തെങ്ങ് കൃഷിക്ക് പുറമെ ഇടവിള കൃഷി, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റ്, ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു സമഗ്ര പാക്കേജാണ് കേരഗ്രാമം പദ്ധതി. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
75.17 ലക്ഷം രൂപയാണ് ചെലവ്. വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന് കൃഷി വിപുലീകരിക്കേണ്ടത് അനിവാര്യമാണ്. പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സര്‍ക്കാര്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
ചടങ്ങില്‍ മുതിര്‍ന്ന കര്ഷകന് രവീന്ദ്രന് നായരെ മന്ത്രി ആദരിച്ചു. കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ. നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. അജയകുമാര്‍, കൃഷി ഓഫീസര്‍ വി. പി ശ്രീജിത്ത് കുമാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാളികേര ഉത്പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
11:19 PM Jan 31, 2023 | Deepika.com