തെന്മല: തെന്മലയില് തടി ഡിപ്പോയ്ക്ക് വേലി കെട്ടാനുള്ള വനം വകുപ്പ് നീക്കം റവന്യു വകുപ്പ് അധികൃതര്‍ തടഞ്ഞു. നിര്‍മാണം നടക്കുന്ന സ്ഥലം റവന്യൂ വകുപ്പ് പുറമ്പോക്ക് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെന്മല വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം വേലി സ്ഥാപിക്കാനുള്ള നടപടികള്‍ തടഞ്ഞത്.
തടി ഡിപ്പോയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം സെയില്‍സ് ടിമ്പര്‍ ഡിപ്പോയുടെ പദ്ധതി പ്രകാരമാണ് വേലി കെട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വനം വകുപ്പ് വേലി നിര്‍മാണം ആരംഭിച്ച സ്ഥലത്ത് 1/6 സര്‍വേ നമ്പരില്‍ ഉള്‍പ്പടുന്ന റവന്യു പുറമ്പോക്ക് ഭൂമി ഉണ്ടെന്ന് റവന്യു അധികൃതര്‍ പറയുന്നു.
വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നിര്‍മാണം തടയുകയും സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു. ഇതുകൂടാതെ റവന്യു ഭൂമി കൈയേറി എന്ന് ചൂണ്ടിക്കാട്ടി തെന്മല പോലീസിലും റവന്യു വകുപ്പ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂമി വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വനം വകുപ്പ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പും വനം വകുപ്പ് ആരംഭിച്ച നിര്‍മാണങ്ങള്‍ റവന്യു വകുപ്പ് തടഞ്ഞിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം സംയുക്ത പരിശോധന നടത്തി പരിഹരിക്കാനുള്ള യാതൊരുവിധ നടപടിയും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
തെന്മലയുടെ പൊതു വികസനത്തിനടക്കം ഭൂമി ഇല്ല എന്നിരിക്കെയാണ് രണ്ട് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഷങ്ങളായി പരിഹരിക്കാതെ മുന്നോട്ടു നീങ്ങുന്നത്
ഉടമസ്ഥാവകാശ തര്‍ക്കം: വനം വകുപ്പിന്റെ നിര്‍മാണം തടഞ്ഞ് റവന്യു അധികൃതര്‍
11:17 PM Jan 31, 2023 | Deepika.com