പുനലൂർ: പെട്ടി ഓട്ടോയിൽ ലോറി ഇടിച്ച് സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ഉമ (42) ആണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു സ്ത്രീകളുടെ നിലഗുരുതരമാണ്. കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ പ്ലാച്ചേരിയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.
പെട്ടി ഓട്ടോയുടെ പിറകിൽ സഞ്ചരിച്ചിരുന്ന സേലം സ്വദേശിനി ഉമയാണ് മരിച്ചത്. ശാന്തി, മണി എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു.
തിരുനെൽവേലിയിൽ നിന്നും പെട്ടി ഓട്ടോയിൽ പന്തളത്തെ ആക്രിക്കടയിലേക്കു വന്ന ആറംഗസംഘമാണ് അപകടത്തിൽ പെട്ടത്. ഓട്ടോയുടെ പിറകിൽ നാലു സ്തീകളും മുന്നിൽ രണ്ടു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. പ്ലാച്ചേരി വലിയ വളവിൽ എതിരെ വന്ന ലോറി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോ പൂർണമായി തകർന്നു. ഇതിലുണ്ടായിരുന്നവരെല്ലാം പാതയിലേക്ക് തെറിച്ചു വീണു. അപകട വിവരം അറിഞ്ഞ് പരിസരവാസികളും പുനലൂർ ഫയർഫോഴ്സും പോലീസും എത്തി അപകടത്തിൽ പെട്ടവരെ ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു.
പെട്ടി ഓട്ടോയിൽ ലോറിയിടിച്ച് സ്ത്രീ മരിച്ചു
12:58 AM Jan 31, 2023 | Deepika.com