കുണ്ടറ: ആർഎസ്പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റി പ്രചാരണ വാഹന ജാഥ നടത്തി.
മൺട്രോത്തുരുത്തിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം പാങ്ങോട് സുരേഷ് ഉദ്ഘാടനം ചെയ്തു. ജനദ്രോഹ നടപടികൾ തുടരുന്നതിൽ മോദി പിണറായി സർക്കാരുകൾ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ വർധിക്കുന്നതും നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി കുതിച്ചു കയറുന്നതും അവർ കാണുന്നില്ല.
ഭരണപക്ഷമാണോ എന്ത് അഴിമതിയും ആവാം എന്ന നിലയിലാണ്. ജനത്തെ പട്ടിണിക്കിട്ട് സ്വന്തക്കാർക്ക് ഒറ്റയടിക്ക് ശമ്പള വർധന അമ്പതിനായിരം രൂപ വരെ ആവാം എന്ന നിലയിൽ വന്നു. തൊട്ടതിനൊക്കെ സമരം ചെയ്യുന്ന ഡിവൈഎഫ്ഐക്കാർക്ക് ഇതിൽ പരാതിയില്ല.
ഗവേഷണ പ്രബന്ധം തയാറാക്കുന്നത് പാർട്ടിക്കാർ ആണോ എങ്കിൽ എന്ത് വിഡ്ഢിത്തവും ആവട്ടെ അവർക്ക് 100 ശതമാനം മാർക്കും ഡോക്ടറേറ്റും നൽകുന്ന നാടായി കേരളം അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
കുന്നത്തൂർ മണ്ഡലം സെക്രട്ടറി കെ ജി വിജയദേവൻ പിള്ള ക്യാപ്റ്റനും കണ്ണൻനായർ വൈസ് ക്യാപ്റ്റനും ഷാജി ജി വെള്ളാപ്പള്ളി മാനേജരുമായിട്ടുള്ള ജാഥയുടെ ഉദ്ഘാടന യോഗത്തിൽ വിവിധ യുഡിഎഫ് ഘടക പാർട്ടി നേതാക്കൾ പ്രസംഗിച്ചു .
കിഴക്കേക്കല്ലട പഞ്ചായത്തിലെ ചിറ്റുമലയിൽ നടന്ന സ്വീകരണ യോഗത്തിൽ ആർഎസ്പി നേതാക്കളായ ഉല്ലാസ് കോവൂർ, വിജയദേവൻ പിള്ള, കണ്ണൻ നായർ, ഷാജി ജി വെള്ളാപ്പള്ളിൽ, പങ്കജാക്ഷൻ ആചാരി, ബോസ്, സജീവ്, ജോൺസൺ, പ്രസന്നൻ, പ്രദീപ്, കോൺഗ്രസ് ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്, കോശി അലക്സ് എന്നിവർ പ്രസംഗിച്ചു.
ആർഎസ്പി വാഹന ജാഥ നടത്തി
11:05 PM Jan 30, 2023 | Deepika.com