“ഇഛാശക്തിയും ദിശാബോധവുമുള്ള സർക്കാർ” എന്ന് ആദ്യ അമ്പതു ദിവസങ്ങളിലെ പ്രവർത്തനം കൊണ്ടുതന്നെ രണ്ടാം മോദിസർക്കാരിനെ വിശേഷിപ്പിക്കാം. അഞ്ചു ലക്ഷം കോടി യുഎസ് ഡോളർ സന്പദ്ഘടനയ്ക്കു ഈ സർക്കാർ അടിത്തറയിട്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കും വ്യവസായങ്ങൾക്കും വലിയ ഉൗന്നൽ, കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും പ്രതിജ്ഞാബദ്ധം.
2019 -22 കാലയളവിൽ 1.95 കോടി പാവപ്പെട്ടവർക്കു പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ പദ്ധതിക്കു കീഴിൽ വീടുവച്ചു നൽകാനുള്ള തീരുമാനം ശ്രദ്ധേയം. “എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത്” എന്ന മുദ്രാവാക്യമാണ് യാഥാർഥ്യമാകുന്നത്. 2022ൽ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും വൈദ്യുതിയും പാചക വാതകവും ഉറപ്പാക്കും. ജൽ ജീവൻ വഴി 2024ഓടെ മുഴുവൻ ഗ്രാമീണ കുടുംബങ്ങളിലും ശുദ്ധജലം ലഭ്യമാക്കും.
ഒന്നരക്കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള മൂന്നു കോടി ചെറുകിട വ്യാപാരികൾക്കും കട ഉടമകൾക്കും പ്രധാനമന്ത്രി കരം യോഗി മാൻധൻ യോജന പദ്ധതിപ്രകാരം പെൻഷൻ നൽകും. എല്ലാ സ്വയം സഹായ ഗ്രൂപ്പുകളിലെയും ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ വരെ മുദ്രാ വായ്പ. സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ട റിന്റെ വില നൂറു രൂപയിൽ കവിയാത്തവിധം നിജപ്പെടുത്തും.
വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി 400 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള കന്പനികളുടെ കോർപറേറ്റ് നികുതി 25 ശതമാനം കുറയ്ക്കുമെന്ന് 2019ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 99.3 ശതമാനം കന്പനികൾക്കും ഇതിന്റെ ഗുണം ലഭിക്കും. പട്ടികജാതി, വർഗ്ഗ വിഭാഗങ്ങളുടെ സംരംഭകത്വത്തിന് സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതി 2025 വരെ തുടരും.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള വിവിധ പദ്ധതി മോദി ഗവണ്മെന്റിനു കർഷക ക്ഷേമത്തിലുള്ള പ്രതിബദ്ധതയാണു കാണിക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ അഞ്ചു കോടി ചെറുകിട കർഷകരുടെ ഭാവി സുരക്ഷിതമാക്കും. കർഷകരുടെ സാമൂഹിക സുരക്ഷയ്ക്കു മൂന്നു വർഷംകൊണ്ട് ഏകദേശം 10,774.50 കോടി രൂപയാണ് കേന്ദ്രം ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില കർഷകർക്കു തങ്ങളുടെ ഉത്പാദന ചെലവിന്റെ ഒന്നര മടങ്ങ് ലഭിക്കത്തക്ക വിധമാണ്. അർഹരായ മുഴുവൻ കർഷക കുടുംബങ്ങൾക്കുമായി ’പി എം-കിസാൻ’ പദ്ധതി വ്യാപിപ്പിച്ചു. ഇതോടെ ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്ന കർഷകരുടെ എണ്ണം 14.5 കോടിയാകും.
അഞ്ചു വർഷംകൊണ്ടു റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റും.ഏതു മേഖലയെന്നും ശമ്പളം എത്രയെന്നും പരിഗണിക്കാതെ അമ്പതു കോടിയോളം തൊഴിലാളികൾക്കു സമയത്തു ശന്പളം ലഭിക്കാൻ സഹായിക്കുന്ന വേജസ് ബിൽ, എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കാൻ ജലശക്തി മന്ത്രാലയം, വിദേശ- ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധം പതിനേഴ് പ്രധാന കേന്ദ്രങ്ങളെ ലോകനിലവാരത്തിൽ വികസിപ്പിക്കൽ തുടങ്ങി നവഭാരത നിർമിതിക്കു വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. മുസ്ലിം സ്ത്രീകൾക്കു ലിംഗ തുല്യതയും ലിംഗ നീതിയും ഉറപ്പാക്കാനാണ് മുത്തലാഖ് ബിൽ കൊണ്ടുവന്നത്. കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്കു വധശിക്ഷ നൽകാനുള്ള നിയമഭേദഗതിയാണു മറ്റൊരു സുപ്രധാന ചുവടുവയ്പ്.
ചാന്ദ്രയാൻ രണ്ടിന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യയെ ഒരു ബഹിരാകാശ ശക്തിയെന്ന നിലയിൽ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചിരിക്കുന്നു.
ജമ്മു കാഷ്മീർ സംവരണ ഭേദഗതി യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ജീവിക്കുന്ന ജമ്മു കാഷ്മീർ നിവാസികൾക്കു വലിയ ആശ്വാസമാണ് കൈവരുന്നത്. ഇനി അവർക്കു വിവിധ തസ്തികകളിൽ നേരിട്ടു നിയമനവും സ്ഥാനക്കയറ്റവും പ്രഫഷണൽ കോഴ്സുകളിൽ നേരിട്ടു പ്രവേശനവും ലഭിക്കും.
കള്ളപ്പണത്തിനെതിരേ അതിശക്തമായ നടപടികൾ സ്വീകരിക്കും.അന്തർദേശീയ യോഗാ ദിനാചരണം ഇന്ത്യയ്ക്കു ലോകത്തിനു മുന്നിൽ വലിയ അഭിമാനം നേടിത്തന്നു. കുൽഭൂഷണ് യാദവിന്റെ കേസിൽ തികച്ചും ഇന്ത്യയ്ക്ക് അനുകൂല വിധിയാണ് അന്താരാഷ്ട്ര കോടതിയിൽനിന്നു ലഭിച്ചത്. വിദേശ നയത്തിലെ “അയൽപ്പക്കം ആദ്യം” എന്ന സമീപനത്തോടുള്ള തന്റെ പ്രതിബദ്ധത കാട്ടിക്കൊണ്ടു ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ അനുശോചനം അറിയിക്കാൻ ആ രാജ്യത്ത് എത്തിയ ആദ്യ വിദേശ രാഷ്ട്രത്തലവനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറിയത്.
വഖഫ് സ്വത്തുക്കളുടെ രേഖാ ഡിജിറ്റൽവൽക്കരണവും സമൂഹത്തിന് ഗുണകരമാകുന്ന വിധം വഖഫ് സ്വത്തുക്കൾ വിനിയോഗിക്കാൻ തുടങ്ങിയതും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമാണ്. 83 ശതമാനം വഖഫ് സ്വത്തുക്കളുടെ രേഖാ ഡിജിറ്റൽവൽക്കരണവും പൂർത്തിയായി. ബാക്കിയുള്ളത് അടുത്ത 50 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
നൂറ് പൊതുസേവന കേന്ദ്രങ്ങൾ സ്ഥാപിക്കും. നൂനപക്ഷങ്ങൾക്കും ആവശ്യമുള്ള മറ്റുള്ളവർക്കും സ്കോളർഷിപ്പുകൾ, ക്ഷേമ പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചു വിവരങ്ങൾ ലഭിക്കാനും സംസ്ഥാന ഗവണ്മെന്റുകളുമായി ഏകോപനം നടത്താനും ഗവണ്മെന്റ് വകുപ്പുകളുമായുള്ള ആശയവിനിമയത്തിനു സഹായിക്കാനുമുള്ള ഏകജാലക സംവിധാനമായി ഈ കേന്ദ്രങ്ങൾ വർത്തിക്കും.
മുഖ്താർ അബ്ബാസ് നഖ്വി (കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി)
രണ്ടാം മോദി ഗവണ്മെന്റിന്റെ ആദ്യ അന്പതു ദിനങ്ങൾ
11:44 PM Jul 30, 2019 | Deepika.com