അഞ്ചല്‍ : സിപിഎം നേതാവായിരുന്ന തടിക്കാട് അഷറഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഒരാള്‍ക്കൂടി പിടിയില്‍. തടിക്കാട് സ്വദേശി സൈനുദീന്‍ (42) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
2002 ജൂലൈ 18നാണ് സിപിഎം പുനലൂര്‍ ഏരിയ കമ്മിറ്റി അംഗമായ അഷറഫിനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്. കേസില്‍ അന്ന് അറസ്റ്റിലായ സൈനുദീന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് 2009 ല്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി സൈനുദീനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
അടുത്തിടെയായി അന്വേഷണം ഊര്‍ജിതമാക്കിയ അഞ്ചല്‍ പോലീസ് നെടുമങ്ങാട് അരുവിക്കര അഴിക്കോട് നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി പേര് അടക്കം മാറ്റി ഇവിടെ താമസിച്ചുവന്നിരുന്ന പ്രതി സഫ ഫുട്വെയര് സ്ഥാപനം നടത്തി വരികയായിരുന്നു. നിസാം എന്ന പേരിലാണ് സൈനുദീന്‍ ഇവിടെ അറിയപ്പെട്ടിരുന്നത്. ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് പൂവച്ചല്‍ സ്വദേശിയുടെ പേരില്‍ ഉള്ളതായിരുന്നു. ആളെ തിരിച്ചറിഞ്ഞ പോലീസ് ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനോടുവില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു.
പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്റെ നിര്‍ദേശപ്രകാരം അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജെ ഗോപകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, ബിനു വര്‍ഗീസ്, അനില്‍ ചെറിയാന്, സന്തോഷ് ചെട്ടിയാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ 18 വര്‍ഷമായി ഒളിവിലായിരുന്ന വെഞ്ചേമ്പ് സ്വദേശി സമീര്‍ ഖാന് എന്നയാളെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് പിടികൂടിയത്.
തടിക്കാട് അഷറഫ് കൊലക്കേസില്‍ ഒളിവിലായിരുന്ന ഒരാള്‍കൂടി പിടിയില്‍
11:09 PM Dec 09, 2022 | Deepika.com