കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിലായി. ഉളിയക്കോവിൽ, നിധിൻ നിവാസിൽ ബേബി രാജ്(72) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
അതിജീവിതയുടെ വീടുമായുള്ള പരിചയം മുതലെടുത്താണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം പ്രതി കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി ബലമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി ഭയന്ന് വിവരം പുറത്ത് പറയാതിരുന്ന കുട്ടി പിന്നീട് സ്കൂൾ അധികൃതർ കുട്ടികൾക്കായ് ഏർപ്പെടുത്തിയ കൗണ്‍സിലിങ്ങിനിടയിലാണ് പീഡനവിവരം പറഞ്ഞത്.
തുടർന്ന് കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ രഞ്ജു, ബാലചന്ദ്രൻ, എഎസ്ഐ ബിന്ദു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
11:06 PM Dec 09, 2022 | Deepika.com