കൊല്ലം: സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ ഇരവിപുരം പോലീസിന്റെ പിടിയിലായി. കൊല്ലം പുന്തലത്താഴം ഉല്ലാസ് നഗർ 90, പള്ളിവിള വീട്ടിൽ പോപ്പി എന്ന വിനീത് (28) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 12 ന് രാത്രി 9.30ഓടെ പഞ്ചായത്ത് വിള പൈപ്പിൻ മൂട്ടിലാണ് കേസിന് ആസ്പദമായ സംഭവം.
തൃക്കരുവ, ഇഞ്ചവിള സ്വദേശിയായ സുൽഫിക്കറിന്റെ സുഹൃത്തായ പ്രജീഷും പ്രതികളും തമ്മിലുണ്ടായിരുന്ന മുൻവിരോധം നിമിത്തം പ്രജിഷിനെ വെട്ടി പരിക്കേൽപ്പിക്കാൻ എത്തിയ പ്രതികളെ സുൽഫിക്കർ തടയാൻ ശ്രമിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.
പ്രജീഷിനെ പ്രതികൾ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുൽഫിക്കർ തടഞ്ഞതിന്റെ വിരോധത്തിൽ വിനീത് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മുതുകിൽ ആഴത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് കൂട്ട് പ്രതികളും ചേർന്ന് സുൽഫിക്കറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വിനീത് പിടിയിലായത്.
യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ
11:32 PM Dec 08, 2022 | Deepika.com