പരവൂർ: പരവൂർ കായലിലെ മണൽ തിട്ടകൾ ശാസ്ത്രീയ മാർഗങ്ങളിലൂടെ നീക്കം ചെയ്യാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിയമസഭയിൽ ജി.എസ് ജയലാൽ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കായലിന്റെ സ്വാഭാവികത നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തിക്കരയാർ പരവൂർ കായലുമായി ചേർന്ന് കടലിലേയ്ക്ക് ഒഴുകി പോകുന്ന ഭാഗത്താണ് മണൽ കൂനകൾ രൂപം കൊണ്ടത്. അതിനാൽ കടലിലേക്കുള്ള ജലപ്രവാഹം തടസപ്പെട്ട് കര നശിക്കുന്ന സ്ഥിതിയാണ്. മണൽ തിട്ട നീക്കം ചെയ്യുന്നതിന് നാലരക്കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.
മണ്ണിന്റെ ഘടനയും അളവും മനസിലാക്കാനുള്ള പഠനത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കരാർ നല്കി ഉടൻ ഇതിന്റെ നടപടികൾ ആരംഭിക്കും. മണ്ണിന്റെ ഘടനയും അളവും നിർണയിക്കപ്പെട്ടാലുടൻ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പരവൂർ കായലിലെ മണൽതിട്ടകൾ നീക്കം ചെയ്യുമെന്ന് മന്ത്രി
11:32 PM Dec 08, 2022 | Deepika.com