അഞ്ചല്‍ : പലതവണ ആവശ്യപ്പെട്ടിട്ടും പാതയോരങ്ങളില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന കാടുകള്‍ വെട്ടിമാറ്റാന്‍ നടപടി ഇല്ലാതായതോടെ നാട്ടുകാരെ അണിനിരത്തി കാട് വെട്ടിമാറ്റി പ്രതിഷേധിച്ച് വാര്‍ഡ് അംഗം. ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ പന്തടിമുകള്‍ വാര്‍ഡ് മെമ്പര്‍ അനുരാജാണ് പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വാര്‍ഡില്‍ അടക്കം പഞ്ചായത്തിലെ ഭൂരിഭാഗം ഗ്രാമീണ റോഡുകളുടെയും വശം കാട് മൂടിയ നിലയിലാണ്. കൂടുതലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളോട് ചേര്‍ന്ന് ആയതിനാല്‍ തന്നെ നാട്ടുകാര്‍ ഇറങ്ങി കാട് വെട്ടിയാല്‍ പിന്നീട് പോല്ലപ്പാകും.
കാടുകള്‍ വളര്‍ന്നതോടെ പെരുമ്പാമ്പ് അടക്കമുള്ള ഇഴ ജന്തുക്കളെ ഇവിടെ കാണുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ പലതവണ പഞ്ചായത്തില്‍ ഇക്കാര്യം അറിയിച്ചു. പക്ഷേ നടപടി ഒന്നുമുണ്ടായില്ലെന്നു വാര്‍ഡ് അംഗം അനുരാജ് പറയുന്നു. നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്. ഇനിയും ഇക്കാര്യത്തില്‍ നിസംഗത തുടര്‍ന്നാല്‍ നാട്ടുകാര്‍ക്കൊപ്പം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പഞ്ചായത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍.
അതേസമയം മുന്‍കാലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പതയോരങ്ങളിലെ കാടുകള്‍ വെട്ടി നീക്കി വന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതിനു അനുമതില്ലാത്തതും കാട് വെട്ടി മാറ്റുന്നതിന് പഞ്ചായത്തുകള്‍ക്ക് ഓണ്‍ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്തതുമാണ് പാതയോരങ്ങളില്‍ കാടുകള്‍ വെട്ടിനീക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം.
പാതയോരങ്ങളിലെ കാട് വെട്ടിമാറ്റാന്‍ നടപടിയില്ല: പ്രതിഷേധവുമായി പഞ്ചായത്തംഗവും നാട്ടുകാരും
11:25 PM Dec 07, 2022 | Deepika.com