ചവറ : ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ സെപ്റ്റംബറില്‍ നടന്ന ബോട്ട് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത കെഎംഎംഎല്‍ ജീവനക്കാരെ തിരുവനന്തപുരം ജില്ലാ ഭരണകൂടം അനുമോദിച്ചു. തിരുവനന്തപുരം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ പ്രശസ്തി പത്രം നല്‍കിയാണ് ജീവനക്കാരെ ആദരിച്ചത്.
ബോട്ട് അപകടത്തെ തുടര്‍ന്ന് തിരുവന്തപുരം ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരടങ്ങുന്ന സംഘം അപകടസ്ഥലത്ത് എത്തിയത്. നേവി, ദേശീയ ദുരന്ത നിവാരണ സേന, കോസ്റ്റല്‍ പോലീസ്, ഗാര്‍ഡ് എന്നിവര്‍ക്കൊപ്പമായിരുന്നു രക്ഷാപ്രവര്‍ത്തനം. കെഎംഎംഎല്‍ ജീവനക്കാരുടെ വൈദഗ്ധ്യം രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന് സഹായകരമായി എന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പറഞ്ഞു.
മെയിന്റനന്‍സ് വിഭാഗം മാനേജര്‍ സണ്ണി ജെ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ മുതലപ്പൊഴിയില്‍ ക്യാമ്പ് ചെയ്ത സംഘം രണ്ടര ദിവസത്തിന് ശേഷം ദൗത്യം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. കെഎംഎംഎല്‍ അസിസ്റ്റന്റ് ടെക്നിക്കല്‍ സര്‍വീസ് ഓഫീസര്‍ ജയപ്രസാദ്. ടി, എക്യൂപ്മെന്റ് ഓപ്പറേറ്റര്‍മാരായ ലതീഷ്. ടി.ബി സുനില്‍. വൈ, ടെക്നീഷ്യന്മാരായ ലിജോ ജേക്കബ്, പ്രശാന്ത്. ആര്, ഖലാസിമാരായ മഹേഷ്. എം, മനോജ്, വര്‍ക്കര്‍ കൃഷ്ണനുണ്ണി, ഡിസിഡബ്ലിയു ജീവനക്കാരനായ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ടീമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ജീവനക്കാരെ കെഎംഎംഎല്‍ മാനേജ്മെന്റും ആദരിച്ചു. പ്രശസ്തി പത്രവും പ്രത്യേക ഗിഫ്റ്റ് കൂപ്പണും നല്‍കിയാണ് മാനേജിങ്ങ് ഡയറക്ടര്‍ ചന്ദ്രബോസ്. ജെ ആദരിച്ചത്.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒമ്പതുവരെ രാവും പകലും തുടര്‍ച്ചയായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 18 പേരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ജീവന് നഷ്ടമായി.
മുതലപ്പൊഴി ബോട്ട് അപകടം; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കെഎംഎംഎല്‍ ജീവനക്കാരെ ആദരിച്ചു
11:16 PM Dec 02, 2022 | Deepika.com