അഞ്ചൽ: അഞ്ചൽ ഗ്രാമത്തിൽ അഞ്ച് നാളുകളായി നടന്നു വന്ന ഉത്സവമേളത്തിന് ഇന്ന് ആറാട്ട്. അഞ്ചു ചൊല്ലിന്റെ നാടിനെ അക്ഷരാർഥത്തിൽ ഉത്സവ ലഹരിയിൽ ആറാടിച്ച ശേഷമാണ് മേളയുടെ കൊടിയിറക്കം.
കലയുടെ മലർ മഞ്ചലിലേറി വന്ന കൗമാര പ്രതിഭകൾ കാഴ്ചവച്ച മിന്നുന്ന പ്രകടനങ്ങൾ അഞ്ചലിന് എന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കാനാകും.
കാലത്തിന് അനുസരിച്ച് കലോത്സവങ്ങളുടെ ട്രെൻഡുകളും മാറിത്തുടങ്ങി എന്നതിന്റെ സൂചനകൾ കൂടി ഓർമപ്പെടുത്തിയാണ് കലാമേളയ്ക്ക് തിരശീല വീഴുന്നത്.
കാണികളായി ആയിരങ്ങള്‍ ഒഴുകിയെത്തിയ വിവിധ വേദികളില്‍ ആറായിരത്തി അഞ്ഞൂറോളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അപ്രതീക്ഷിത പ്രതിഷേധം ഒഴിച്ചാൽ കാര്യമായ അസ്വാരസ്യങ്ങൾ ഒന്നുമില്ലാതെയാണ് മത്സരങ്ങൾ എല്ലാം പൂർത്തിയായത്. ഇതിൽ സംഘാടകർക്കും അഭിമാനിക്കാം. ഗ്രാൻഡ് ഫിനാലെയും കളർഫുൾ ആക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളും സംഘാടക സമിതി പൂർത്തിയാക്കി കഴിഞ്ഞു.
ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം പി.എസ് സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ ഡാനിയേല്‍ അധ്യക്ഷത വഹിക്കും.മുന്‍ മന്ത്രി കെ.രാജു, കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന് തുടങ്ങിയവരും പൊതുപ്രവര്‍ത്തകര്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.ഐ ലാല്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും.
അഞ്ചലിൽ ഇന്നു ആറാട്ട്
10:51 PM Dec 01, 2022 | Deepika.com