ചാത്തന്നൂർ: നാടിന്റെ വികസനത്തിന് ജനപ്രതിനിധികൾ അനുവദിക്കുന്ന ഫണ്ടുകൾ ജനങ്ങളുടെ നികുതിപ്പണം ആണെന്നും ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഫണ്ടുകൾ ഇല്ലാതാക്കുന്നത് ജനം ചോദ്യം ചെയ്യുമെന്നും മുൻ എം പി എൻ പീതാംബരക്കുറുപ്പ് പറഞ്ഞു.
വേളമാനൂർ- നെട്ടയം പൊളിച്ചിട്ട റോഡിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ ശ്രമഫലമായി കേന്ദ്രഫണ്ട് മൂന്നേകാൽ കോടി രൂപ അനുവദിച്ചിട്ടും അതൊഴിവാക്കി സംസ്ഥാന സർക്കാർ ഫണ്ട് ഒന്നേകാൽ കോടി രൂപ മാത്രം ചെലവഴിച്ച് ഈ റോഡ് നിർമിച്ചാൽ മതിയെന്ന് തീരുമാനിച്ച ജി.എസ് ജയലാൽ എംഎൽഎയുടെയും പിടിവാശിക്ക് പൊതുജനം മറുപടി നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പരവൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ആർ.ഡി ലാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റീനാ മംഗലത്ത്, ബ്ളോക്ക് ജനറൽ സെക്രട്ടറി അനിൽ മണലുവിള, മണ്ഡലം വൈസ് പ്രസിഡന്റ് റഹീം നെട്ടയം, ഡിസിസി ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ, ഡിസിസി അംഗം പാരിപ്പള്ളി വിനോദ്, കോൺഗ്രസ് നേതാക്കന്മാരായ എം എ സത്താർ, നിഖാബ് മൈലവിള, രാഹുൽ സുന്ദേശൻ, ബ്ലോക്ക് പഞ്ചായത്തംഗം ആശടീച്ചർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹരീഷ് പൂവത്തൂർ, പ്രമീള, രജനീരാജൻ എന്നിവർ പ്രസംഗിച്ചു.
ജനങ്ങളെ ജനപ്രതിനിധികൾ വെല്ലുവിളിക്കരുത്
11:21 PM Nov 28, 2022 | Deepika.com