പി. സനിൽകുമാർ
അഞ്ചല്‍ : കൊല്ലം റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് തുടക്കം. ഇന്നലെ രാവിലെ പതിനൊന്നോടെ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് ഔദ്യോഗിക തുടക്കമായത്. അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ജില്ല പഞ്ചായത്ത് അംഗം അംബികാ കുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന് മഞ്ചൂര്‍, അഖില്‍ രാധാകൃഷ്ണന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ അനസ് കെ. ബാബു, പിടിഎ പ്രസിഡന്റ് സോജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
രചനാ മത്സരങ്ങള്‍ക്ക് തുടക്കമായെങ്കിലും ഇന്ന് രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാകും കലാമത്സരങ്ങള്‍ക്ക് തുടക്കമാകുക. മന്ത്രി കെ.എന്‍.ബാലഗോപാല്‍ പൊതുസമ്മേളനവും മന്ത്രി ജെ ചിഞ്ചു റാണി കലാമത്സരങ്ങളും ഉദ്ഘാടനവും നിർവഹിക്കും. പി.എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലയില്‍ നിന്നുള്ള എംപിമാര്‍, എംഎല്‍എമാര്‍ ത്രിതല പഞ്ചായത്ത് പ്രതിധികള്‍ അടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുക്കും.
വേദികൾ എല്ലാം സമ്മേളനാനന്തരം സജീവമാകും. ഇനിയുളള നാല് നാൾ കലയുടെ പൂരത്തിനായിരിക്കും അഞ്ചൽ സാക്ഷ്യം വഹിക്കുക.
ആദ്യജയം തൃപ്പിലഴികം
ലിറ്റില്‍ ഫ്ലവര്‍ സ്കൂളിന്
അഞ്ചലില്‍ ആരംഭിച്ച ജില്ല റവന്യു സ്കൂള്‍ കലോത്സവത്തില്‍ ഫലം പ്രഖ്യാപിച്ച ആദ്യ മത്സരം ബാന്റ്മേളം ആയിരുന്നു.
സെന്റ് ജോര്‍ജ് സെന്‍ട്രല്‍ സ്കൂളിലാണ് എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിലെ ബാന്റ്മേള മത്സരം നടന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഏഴും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു സ്കൂളുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
ഹൈസ്കൂള്‍ വിഭാഗത്തിലെ ബാന്റ്മേള മത്സരം ഫലമാണ് ഒദ്യോഗികമായി ആദ്യം പുറത്തുവന്നത്. കുണ്ടറ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. ഒരു ടീം മാത്രം മത്സരിച്ച ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കരിക്കോട് ടികെഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി.
ഇക്കുറി പുതിയ
ഓവറോൾ ട്രോഫികള്‍
അറുപത്തിയൊന്നാമത് ജില്ലാ സ്കൂൾ കലോത്സവത്തിന് ഇക്കുറി നല്‍കുന്നത് പുതിയ ഓവറോൾ ട്രോഫികളായിരിക്കും. വിജയികളാകുന്ന കുട്ടികൾക്കും സബ് ജില്ലകൾക്കുമാണ് ട്രോഫികൾ ഏർപ്പെടുത്തിയിരിക്കുന്നത്.
എച്ച് എസ് വിഭാഗത്തിന് അഞ്ചൽ ഈസ്റ്റ് എച്ച്എസ്എസിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ "കുട്ടിക്കൂട്ടം 91' ഉം, യുപി വിഭാഗത്തിന് ഗോകുലം ഗോൾഡ് ആന്റ് ഡയമണ്ട്സും എല്ലാ വിഭാഗത്തിനുമുള്ള സെക്കന്റ് ഓവറോൾ ട്രോഫി വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റുമാണ് സ്പോണ്സര് ചെയ്തിരിക്കുന്നത്. ട്രോഫികൾ വിദ്യാഭ്യാസ ഉപഡയറക്ടർ ഇന്നലെ ഏറ്റുവാങ്ങി. ട്രോഫി സബ് കമ്മിറ്റിക്ക് കൈമാറി.
റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയേറി
11:02 PM Nov 28, 2022 | Deepika.com