പരവൂർ: നെടുങ്ങോലം പാറയിൽക്കാവിന് സമീപം കെ എസ് ഇബി ജീവനക്കാരെ കൈയേറ്റം ചെയ്തതായി പരാതി. 11 കെ വി. അണ്ടർ ഗ്രൗണ്ട് കേബിൾ സ്ഥാപിക്കുന്ന ജോലിക്കിടയിലാണ് സബ് എഞ്ചിനിയറും ഓവർസിയറും ഉൾപ്പടെയുള്ളവരെ ഒരു സംഘം ആക്രമിച്ചത്. നെടുങ്ങോലം പാറയിൽക്കാവിനു സമീപം ചൊവാഴ്ച വൈകുന്നേരം ആറോടെയായിരുന്നു ആക്രമണം നടന്നത്.
കുഴിയെടുത്ത മണ്ണ് മാറ്റിയില്ലായെന്ന് ആരോപിച്ചാണ് അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഡ്യൂട്ടിക്ക് തടസം നിന്നതായും പരാതിയിൽ പറയുന്നത്. അസിസ്റ്റന്റ് എഞ്ചിനിയർ പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ സുരേഷിന്റേയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരുടേയും പേരിൽ പരവൂർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് പരവൂരിൽ വൈദ്യുതി ബോർഡ്ജീവനക്കാർ പ്രകടനം നടത്തി. വർക്കേഴ്സ്ഫെഡറേഷൻ (എഐടിയുസി ) ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ, വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ, ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സിദ്ധാർഥൻ, രമ്യ, തമ്പുരാജൻ പിള്ള എന്നിവർ നേതൃത്വം നല്കി.
കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ചതായി പരാതി
03:33 AM Nov 27, 2022 | Deepika.com