കുളത്തൂപ്പുഴ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളുടെ നാലാമത് ശാസ്ത്ര സാങ്കേതിക മേള കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഇന്നും നാളെയും നടക്കും. സംസ്ഥാനത്തെ ടെക്നിക്കല്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രദര്‍ശന സ്റ്റാളുകള്‍, തത്സമയ മത്സരങ്ങള്‍, നിശ്ചല മാതൃകകള്‍, പ്രവര്‍ത്തന മാതൃകകള്‍, കലാ-സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ മേളയിലുണ്ടാകും.
39 സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍, ഒമ്പത് ഐഎച്ച്ആര്‍ഡി സ്കൂളുകള്‍ ഉള്‍പ്പെടുന്ന 48 സ്കൂളുകളുടെയും പ്രദര്‍ശന സ്റ്റാളുകളുടെ മത്സരം മേളയിലുണ്ടാകും. 450-ൽ അധികം വിദ്യാർഥികൾ പങ്കെടുക്കും.
സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം, ഐഎസ്ആര്‍ഒ, ശുചിത്വമിഷന്, വിമുക്തി, റോഡ് സേഫ്റ്റി, കെഎല്‍ഡിബി, വനം-വന്യജീവി വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വന്‍കിട കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രദര്‍ശന സ്റ്റാളുകളും മേളക്ക് മാറ്റ് കൂട്ടും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ത്യയിലെ ആദ്യത്തെ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്സിന്റെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നും തയാറാക്കിയ മീഡിയ റൂം മേളയിലുണ്ട്. രണ്ട് ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും അവസരം ഉണ്ട്.
ഇന്ന് രാവിലെ പത്തിന് മന്ത്രി ഡോ. ആര്. ബിന്ദു മേള ഉദ്ഘാടനം ചെയ്യും. പി.എസ്. സുപാല്‍ എംഎൽഎ അധ്യക്ഷത വഹിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ബൈജു ഭായ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, മുന്‍ മന്ത്രി അഡ്വ. കെ. രാജു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് രാധാ രാജേന്ദ്രന്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി. ബീന പ്രസംഗിക്കും. വ്യവസായ സംരംഭകന് മൈതീന്‍ പിച്ച റാവുത്തറെ സമ്മേളനത്തില്‍ അനുമോദിക്കും.
ടെക്നിക്കല്‍ ഹൈസ്കൂള്‍ ശാസ്ത്ര-സാങ്കേതിക മേള ഇന്നുമുതൽ കുളത്തൂപ്പുഴയിൽ
11:44 PM Nov 24, 2022 | Deepika.com