ചവറ: ചവറ കെഎംഎംഎൽ ജീവനക്കാർ സൂചന പണിമുടക്ക് നടത്തി. കെഎംഎംഎൽ ജീവനക്കാരുടെ ഒൻപതാം ദീർഘകാല കരാറിന്റെ ഭാഗമായി 2017 മുതൽ നൽകാനുള്ള ശമ്പള കുടിശിക നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും കൂടാതെ കമ്പനിയിലെ മറ്റു വിവിധ തൊഴിലാളി വിരുദ്ധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടും ഈ വിഷയങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുമാണ് യു ടി യു സി,ഐ എൻ ടി യു സി എന്നിവരുടെ നേതൃത്വത്തിൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തിയത്.
കമ്പനിയിലെ മുഴുവൻ വിഭാഗം തൊഴിലാളികളും പണിമുടക്ക് സമരത്തിന് പൂർണ പിന്തുണ നൽകിയത് കൊണ്ട് കമ്പനിയുടെ പ്രവർത്തനം നിശ്ചലമായി. പണിമുടക്കിന്റെ വിജയം മാനേജ്മെന്റിനും ഗവൺമെന്റിനും ഉള്ള താക്കീത് ആണെന്ന് യൂണിയനുകൾ അവകാശപ്പെട്ടു.
ശമ്പള കുടിശിക ഉടൻ നൽകിയില്ലെങ്കിൽ ശക്തമായ തുടർസമരങ്ങളുമായി യൂണിയനുകൾ മുന്നോട്ടു വരുമെന്ന് സമരത്തിന് നേതൃത്വം നൽകിയ യുടിയുസി യൂണിയൻ ജനറൽ സെക്രട്ടറി ജെ. മനോജ് മോനും ഐഎൻടിയുസി ജനറൽ സെക്രട്ടറി ആർ.ശ്രീജിത്തും അറിയിച്ചു.
യൂണിയൻ നേതാക്കളായ സുരാജ്, ഷാജി. എസ്, രതീഷ്, ഗോപൻ, രാജു, ദിനേശ്, മോഹൻ, വിമൽ കുമാർ, ശ്രീരാജ്, സഹദേവൻ, സിറാജ്, ബിനു വിൻസെന്റ്, വിഷ്ണു റാം എന്നിവർ നേതൃത്വം നൽകി.
കെഎംഎംഎൽ ജീവനക്കാർ പണിമുടക്ക് നടത്തി
11:26 PM Oct 06, 2022 | Deepika.com