ചാത്തന്നൂർ: കേരളത്തിൽ മാതൃഭാഷാ വകുപ്പ് രൂപീകരിക്കണമെന്ന് മലയാള ഐക്യവേദി ആവശ്യപ്പെട്ടു.മലയാളം മാതൃഭാഷയായിട്ടുള്ളവരുടെ സംസ്ഥാനമായി കേരളം രൂപീകരിക്കപ്പെട്ടിട്ട് നവംബർ ഒന്നിന് 66 വർഷം പൂർത്തിയാകുന്നു.
ഈ ദീർഘമായ കാലയളവിനുള്ളിൽ പോലും പ്രൈമറി വിദ്യാഭ്യാസം മുതൽ ഗവേഷണം വരെയും മജിസ്ട്രേറ്റ് കോടതി മുതൽ ഹൈക്കോടതി വരെയും വില്ലേജ് ആഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയും പൂർണമായി മലയാള വൽക്കരിക്കുവാൻ നമുക്കായിട്ടില്ല. എന്ന് മാത്രമല്ല മലയാളം അറിയാത്തവരുടെ എണ്ണം കേരളത്തിൽ അനിയന്ത്രിതമായി വർധിക്കുകയാണ്. തത്ഫലമായി കേരളം ഗുരുതരമായ സാംസ്കാരിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് എന്ന് മലയാള ഐക്യവേദി അഭിപ്രായപ്പെട്ടു
ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ മാതൃഭാഷ വകുപ്പ് രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ കൊല്ലം ചിന്നക്കടയിൽ മലയാള ഐക്യവേദി മാതൃഭാഷാ സംഗമം സംഘടിപ്പിക്കും.
മാതൃഭാഷ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പ്, പങ്കാളിത്തം, സംഘാടനം എന്നിവയെക്കുറിച്ച് ആലോചിക്കുന്നതിനും പൊതു കൂട്ടായ്മ രൂപകരിക്കുന്നതിനുമായി10 ന് വൈകുന്നേരം 4-ന് കൊല്ലം എൻജിഒ യൂണിയൻ ഓഫീസിൽ സംഘാടക സമിതി രൂപീകരണ സമ്മേളനം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അടുതല ജയപ്രകാശ്, സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
മാതൃഭാഷ വകുപ്പ് രൂപീകരിക്കാൻ നവംബർ ഒന്നിന് ഭാഷാ സംഗമം
11:25 PM Oct 06, 2022 | Deepika.com