കൊല്ലം: വിജയവാഡയില്‍ 13 മുതല്‍ 18 വരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തുന്നതിനുള്ള രക്തപതാക സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്. തിരുമലൈ, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശ്വരി എന്നിവര്‍ക്ക് കൈമാറി.
കന്റോണ്‍മെന്റ് മൈതാനിയില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ആവേശകരമായ അന്തരീക്ഷത്തിലാണ് പതാക കൈമാറിയത്. കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസിന് വേദിയായത് കൊല്ലം നഗരമായതിനാലാണ് ഇവിടെ നിന്ന് പതാക കൊണ്ടുപോകുന്നത്.
പാര്‍ട്ടിയില്‍ പൂര്‍ണ ഐക്യം പ്രഖ്യാപിച്ചാണ് സംസ്ഥാനസമ്മേളനം സമാപിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ. പാര്‍ട്ടിക്ക് കഴിഞ്ഞ കാലയളവില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. രാജ്യത്തെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം ചെറുപ്പക്കാരാണ്. ആ ചെറുപ്പക്കാരുടെ വികാരം പങ്കിടാന്‍ പ്രാപ്തമാക്കുകയാണ് പാര്‍ട്ടിയുടെ ഉദ്ദേശം. അതിനാണ് പ്രായത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു മാര്‍ഗരേഖ പുറത്തിറക്കിയതെന്ന് കാനം പറഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. 21-ാം നൂറ്റാണ്ടിന്റെ ഫാസിസമാണിത്. തങ്ങളുടെ അഭിപ്രായം ഭരണകൂടത്തിന്റെ പിന്‍ബലത്തോടെ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്നു. 37 ശതമാനം വോട്ട് മാത്രം കിട്ടിയ കേന്ദ്രസര്‍ക്കാര്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷം പാര്‍ലമെന്റില്‍ കിട്ടിയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തിലാണ് ജനങ്ങളുടെ മേല്‍ വര്‍ഗീയ ഫാസിസം നടപ്പിലാക്കുന്നത്.
ഇതിനെതിരെ ഇടതുപക്ഷ മതേതര ജനാധിപത്യശക്തികളുടെ വിപുലമായ ഐക്യം രൂപപ്പെടണം. അതിനുള്ള പോംവഴികള്‍ പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളാണ് പാര്‍ട്ടികോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുക.
തൊഴിലില്ലായ്മയ്ക്കെതിരെ പോരാടുന്ന ചെറുപ്പക്കാര്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസം കവര്‍ന്നെടുക്കാനുള്ള കേന്ദ്രനയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പോരാട്ടം വളര്‍ത്തിക്കൊണ്ടുവരാന്‍ വിലക്കയറ്റത്തിനും ജീവിതദുരിതങ്ങള്ക്കുമെതിരേയുള്ള ജനങ്ങളുടെ പോരാട്ടത്തിന് നേതൃത്വം നല്കാന് പാര്‍ട്ടിക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി പി.എസ്. സുപാല്‍ അധ്യക്ഷത വഹിച്ചു. ആര്. തിരുമലൈ, വിക്കി മഹേശ്വരി, മുല്ലക്കര രത്നാകരന് എന്നിവര്‍ പ്രസംഗിച്ചു. കെ പ്രകാശ് ബാബു, കെ.ആര് ചന്ദ്രമോഹനന്, ടി.ടി. ജിസ്മോന്, അരുണ്‍, പി കബീര്‍, പാര്‍ട്ടി സംസ്ഥാനകൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
24-ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ പ്രതീകമായി 24 യുവജനനേതാക്കളാണ് പതാക ബൈക്കില്‍ വിജയവാഡയിലേക്ക് കൊണ്ടുപോകുന്നത്.
സിപിഐ പാർട്ടി കോൺഗ്രസ്: പതാക കൈമാറ്റം നടന്നു
11:23 PM Oct 06, 2022 | Deepika.com