ഹെൻറി ജോൺ കല്ലട
കുണ്ടറ : കല്ലടയാറിന്റെ കുഞ്ഞോളങ്ങളിൽ ആവേശം വിതറിയ ജല മാമാങ്കത്തിൽ യുവ മൺറോ മണക്കടവ് ക്ലബിന്റെ മഹാദേവിക്കാട് ഫൈബർ ചുണ്ടന് വള്ളങ്ങളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടി.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജലോത്സവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കല്ലട ജലോത്സവം ആയിരങ്ങളെ ആവേശത്തിരയിലാഴ്ത്തിയാണ് സമാപിച്ചത്. വലിയ ചുണ്ടൻ വള്ളങ്ങൾ ജലമേളയ്ക്ക് ഇല്ലെങ്കിലും, ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ജലോത്സവ പ്രേമികളെ ആവേശഭരിതരാക്കി.
യുവ മൺറോ മണക്കടവ് ക്ലബിന്റെ മഹാദേവിക്കാട്, ഫൈബർ ചുണ്ടന് വള്ളങ്ങളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോൾ, സുനിൽ കുമാർ ക്യാപ്റ്റനായുള്ള യുവൻസ് മൺറോയുടെ വൈഗ രണ്ടാം സ്ഥാനവും ആദർശ് ക്യാപ്റ്റനായുള്ള സ്പോർട്സ് ബി സി ക്ലബിന്റെ തൃക്കുന്നപ്പുഴ ചുണ്ടന് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കടുത്ത പോരാട്ടം കാഴ്ചവച്ച് 3 തെക്കനോടി വള്ളങ്ങളും തീരങ്ങളില്‍ മത്സരാവേശം വിതച്ചു. അക്ഷര ബോട്ട്സ് ക്ലബ് ശിങ്കാരപള്ളിയുടെ ദേവസ് ആണ് ഒന്നാം സ്ഥാനം നേടിയത്. എൽ. സുനിലായിരുന്നു ക്യാപ്റ്റൻ. കിടപ്പുറം ബോട്ട് ക്ലബിന്റെ സാരഥി രണ്ടും ഫ്രൻഡ്സ് ബോട്ട് ക്ലബിന്റെ കാട്ടിൽതെക്കതിൽ മൂന്നാം സ്ഥാനവും നേടി.
ഇരുട്ടുകുത്തിയില്‍ ബി ഗ്രേഡില്‍ അബ്ഷലോ യോഹൻ സന്തോഷിന്റെ നേതൃത്വത്തിൽ ചലഞ്ച് ബോട്ട് ക്ലബ് ഇറക്കിയ സെന്റ് ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശിങ്കാരപള്ളി യുവരശ്മിയുടെ ശശികുമാർ ക്യാപ്ടൻനായ മുത്തപ്പൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
3 വള്ളങ്ങൾ മൽസരിച്ച വെപ്പ് ബി ഗ്രേഡ് ഇനത്തില്‍ ഇന്ത്യൻസ് ബോയ്സ് ക്ലബിന്റെ പുന്നത്ര പുരയ്ക്കല്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. എംഎഫ് ബോട്ട് ക്ലബിന്റെ പിജി കുരീപ്പുഴ, വേണാട് ബോട്ട് ക്ലബിന്റെ എബ്രഹാം, മൂന്നു തൈക്കൽ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥ മാക്കി.
2 ചെറു വള്ളങ്ങൾ മത്സരിച്ചതിൽ സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബിന്റെ സെന്റ്് ഫ്രാൻസിസ് ഒന്നാം സ്ഥാനം നേടി. കല്ലട ജലോത്സവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കല്ലട ജലോത്സവം കാണാൻ ആയിരങ്ങളാണ് ഇരുകരയിലും തടിച്ചു കൂടിയത്.
കല്ലട ജലോത്സവം: മഹാദേവിക്കാട് ചുണ്ടൻ ഒന്നാമത്
10:43 PM Oct 05, 2022 | Deepika.com