കൊല്ലം: മാലിന്യ നിര്‍മാര്‍ജനം പൂര്‍ണമായി നടപ്പാക്കിയാലേ കേരളം പേവിഷ വിമുക്തമാകൂ എന്ന് വിദഗ്ധര്‍. ലോക റാബീസ് ദിനത്തോടനുബന്ധിച്ച് കൊട്ടിയം എന്‍എസ്എസ് കോളേജിലായിരുന്നു സെമിനാര്‍. മാലിന്യ നിര്‍മാര്‍ജനം ക്യാമ്പസുകളില്‍ നിന്ന് തുടങ്ങണം എന്നും നിര്‍ദ്ദേശമുയര്‍ന്നു.
സെമിനാറില്‍ ഈച്ചകളെ ഉപയോഗിച്ച് ജൈവമാലിന്യം ഉപയോഗയോഗ്യമാക്കുന്ന പ്രക്രിയ അവതരിപ്പിച്ചു. തെരുവുനായ വന്ധ്യംകരണം ലക്ഷ്യമിടുന്ന എബിസി പദ്ധതി പോലെ പ്രസവിച്ചു വീഴുന്ന നായ്ക്കുട്ടികളെ രണ്ട് മാസത്തിനകം വന്ധ്യംകരിക്കുന്ന എന്‍ഡ് പ്രോഗ്രാമുകളുടെ പ്രാധാന്യവും വിശദീകരിച്ചു. നായ്ക്കുട്ടികളെ കൂട്ടമായി ശേഖരിക്കാന്‍ മൃഗസ്നേഹികളുടെ സഹകരണത്തോടെ സംവിധാനം ഒരുക്കണം.
വാക്സിനുകളുടെ ശീതീകരണ ശൃംഖല തടസപ്പെടരുത്. മുഖത്തും കൈയിലും നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് ഇമ്യൂണോഗ്ലോബുലിന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സംഭരിക്കുന്നതിനുള്ള നിര്‍ദേശവും സെമിനാര്‍ മുന്നോട്ടുവെച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. എന്‍.സതീഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഡി.ഷൈന്‍ കുമാര്‍ വിഷയം അവതരിപ്പിച്ചു. ഡോ. കിഷോര്റാം, ഡോ.എന്‍.ലക്ഷ്മി, ഡോ.പ്രകാശ്ചന്ദ്രന്‍, ഡോ. ജയലക്ഷ്മി, ഡോ. ഗീതു, ഡോ. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു.
പേവിഷ മുക്തിക്ക് മാലിന്യ നിര്‍മാര്‍ജനം പ്രധാനം: സെമിനാര്‍ സംഘടിപ്പിച്ചു
11:16 PM Sep 30, 2022 | Deepika.com