അഞ്ചല്‍: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്ടിബസില് കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടിയ സംഭവത്തില്‍ വഴിത്തിരിവ്. കൊണ്ടുവന്ന തുക തിരുവനന്തപുരത്ത് നിന്നും പഴയ സ്വര്‍ണ്ണം വാങ്ങുന്നതിനായിട്ടുള്ളതാണ് എന്ന് പോലീസ് പറഞ്ഞു.
പിടിയിലായ തമിഴനാട് കടയനെല്ലൂര്‍ സ്വദേശി മുഹമദ് അക്രമിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തില്‍ എത്തിയത്. ഇയാളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പോലീസ് കടയനെല്ലൂര്‍ പോലീസിന് കൈമാറിയിരുന്നു. തമിഴ്നാട് പോലീസും ക്യുബ്രാഞ്ചും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും യുവാവിന്റെ മൊഴി ശരിയാണ് എന്ന് കണ്ടെത്തുകയുമായിരുന്നു. അതേസമയം സംഭവത്തില്‍ ആദായ നികുതിവകുപ്പ് അടക്കം മറ്റ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെ ഏഴരയോടെയാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 27 ലക്ഷം രൂപ എക്സൈസ് ചെക്ക്പോസ്റ്റില്‍ അധികൃതര്‍ പിടികൂടുന്നത്. പണത്തിനു മതിയായ രേഖകള്‍ ഇല്ലെന്ന് മാത്രമല്ല. പണവുമായി എത്തിയ മുഹമദ് അക്രം എന്നയാളുടെ തിരിച്ചറിയല്‍ രേഖകളും ഈ സമയം ഉണ്ടായിരുന്നില്ല.
ഇതാണ് സംശയത്തിന് ഇടയാക്കിയത്. എക്സൈസ് അധികൃതര്‍ വിവരം ഉടന്‍ പോലീസിനു കൈമാറുകയും പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ആര്യങ്കാവില്‍ പിടികൂടിയ പണം സ്വര്‍ണ വ്യാപാരത്തിനായി എത്തിച്ചതെന്ന് പോലീസ്
10:58 PM Sep 29, 2022 | Deepika.com