അഞ്ചൽ: കുടുംബ കലഹം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതൃ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് മൈലോട്ട് കോണം ലക്ഷംവീട്ടിൽ നജീം (37) ആണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. അഞ്ചലിൽ വാടക വീട്ടിൽ താമസിക്കുന്ന റഹീ (53) മിനാണ് കുത്തേറ്റത്ത്.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നജീമും റഹീമും കുടുംബ പ്രശ്നങ്ങളെ പറ്റി നേരത്തേ വാക്കേറ്റമുണ്ടായിരുന്നു. ഇത് ഒത്തു തീർപ്പാക്കുന്നതിനായാണ് റഹീം മൈലോട്ടു കോണത്തെ വീട്ടിലെത്തിയത്.
ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനെത്തുടർന്ന് നജീം കത്തിയെടുത്ത് റഹീമിനെ കുത്തുകയായിരുന്നു. ആക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ റഹീമിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ റഹീമിനെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ സര്‍ക്കിള്‍ ഇൻസ്പെക്ടർ കെ.ജി ഗോപകുമാർ, എസ്.ഐ മാരായ റാഫി, നിസാർ, എഎസ്ഐ അജിത് ലാൽ, സീനിയർ സിപിഒമാരായ അനിൽ, ചെറിയാൻ, ബിനു വർഗീസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അമ്മാവനെ കുത്തിപ്പരിക്കേൽപിച്ച മരുമകൻ പോലീസ് പിടിയിൽ
11:07 PM Sep 27, 2022 | Deepika.com