കൊല്ലം: വിവരാവകാശ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്ന പ്രവണത ഏറുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം.
കൃത്യതയില്ലാത്തതും അനാവശ്യവുമായ പരാതികള്‍ സമര്‍പ്പിച്ച് ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടി അഴിമതി നിരോധന നിയമം ഉപയോഗിച്ച് മറ്റൊരു അഴിമതി നടത്തുകയാണ് ഇത്തരക്കാര്‍. വിവരാവകാശ കമ്മീഷണറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗിലാണ് ഇക്കാര്യം നിരീക്ഷിച്ചത്.
ഭൂമി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് പടപ്പക്കര സ്വദേശി ഷാജി അലോഷ്യസിന്റെ അപേക്ഷയ്ക്ക് എല്‍.ആര് തഹസില്‍ദാര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്നും അപേക്ഷ കൈകാര്യം ചെയ്ത രീതിയിലും കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി. വിഷയത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഫയല്‍ പരിശോധിച്ച് നടപടി കൈക്കൊള്ളണം.
ജില്ലയിലെ ഓട്ടോണമസ് കോളേജുമായി ബന്ധപ്പെട്ട് രജനി ജോസ് എന്ന അപേക്ഷകയ്ക്ക് കൃത്യമായ മറുപടി നല്‍കാത്തതിനെ കമ്മീഷന് വിമര്‍ശിച്ചു. ബന്ധപ്പെട്ടവരെ നേരില്‍ വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്കി. കോളേജിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിനും വിവരാവകാശ നിയമം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും പ്രത്യേക പരിശീലനം നല്‍കണം. പരാതിയില്‍ സ്വീകരിച്ച കുറ്റകരമായ അനാസ്ഥയ്ക്കെതിരെ നടപടി എടുക്കാതിരിക്കണമെങ്കില്‍ പരാതിക്കാരിക്ക് കൃത്യമായ മറുപടി ഉടന്‍ നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
മൈലം ഗ്രാമപഞ്ചായത്തില്‍ ഫ്ളോര്‍ മില്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് എം. രാജേന്ദ്രന് നല്കിയ അപേക്ഷയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും അരിപ്ര യു.പി.എസിലെ ഒ.വി ശ്രീദത്ത് നല്കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാത്ത പബ്ലിക് റിലേഷന്‍ ഓഫീസറും കുറ്റക്കാരെന്ന് കണ്ടെത്തി.
കടയ്ക്കല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട അപേക്ഷകന്റെ പരാതി അടുത്തമാസം 15 നകം തീര്‍പ്പാക്കാമെന്ന് ബന്ധപ്പെട്ടവര്‍ കമ്മീഷനെ അറിയിച്ചു. മറ്റ് കേസുകളില്‍ നിര്‍ദ്ദിഷ്ട തീയതിക്കകം ഉദ്യോഗസ്ഥര്‍ പരാതികള്‍ തീര്‍പ്പാക്കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു. വിവരാവകാശ നിയമപ്രകാരം കൃത്യമായി മറുപടി നല്‍കാത്ത 17 പരാതികളാണ് ഹിയറിങ്ങില്‍ പരിഗണിച്ചത്.
വിവരാവകാശ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്യുന്നു: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
11:25 PM Sep 26, 2022 | Deepika.com