സിന്ധുവാണ് അവരുടെ നാട്ടിലെ ഒരു മുത്തച്ഛനെയും മുത്തശിയെയുംപറ്റി പറഞ്ഞത്. അവർക്കു മക്കൾ ഒന്പത്. വലിയ പഠിപ്പൊന്നും ഉണ്ടായിരുന്നില്ല അവർക്ക്. പക്ഷേ, അവരുടെ മക്കൾ എല്ലാവരും തങ്ങൾ ഏറ്റെടുത്ത ജോലികളിൽ അഗ്രഗണ്യർ. അത്രയ്ക്ക് ആത്മവിശ്വാസം നൽകി വളർത്തി അവർ മക്കളെ.
അവരുടെ ശൈലിയൊന്നു നോക്കിയാലോ...
തോൽക്കുന്നതിൽ വലിയ തെറ്റൊന്നും അവർ കണ്ടിരുന്നില്ല. ഒന്നു തോറ്റുപോയതുകൊണ്ടു ജീവിതംതീർന്നു എന്നും അവർ വിശ്വസിച്ചിരുന്നില്ല. തോറ്റു പിന്മാറുകയല്ല, അവിടെനിന്ന് എഴുന്നേൽക്കുന്നതിലാണു മഹത്വം എന്നു ജീവിതംകൊണ്ടു കാണിച്ചുകൊടുത്തു അവർ.
അവർ മക്കളോടൊപ്പം ആയിരുന്നു. അവരുടെ സുഖത്തിലും ദുഃഖത്തിലും അവരോടൊപ്പം സമയം ചെലവഴിച്ചു. അവരോടു സംസാരിക്കാൻ സമയം കണ്ടെത്തി.
അരുതുകളിലും ശിക്ഷകളിലും അവർ മക്കളെ തളച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റ് മക്കൾ വളരാൻ അവർ അവസരമൊരുക്കി.
പിരിമുറുക്കമേതുമില്ലാതെ, മക്കളെ സുഹൃത്തുക്കളുമായി കളിക്കാനും ഇടപഴകാനും അവർ അനുവദിച്ചു. സുഹൃത്തുക്കളുടെ ബുദ്ധിമുട്ടുകളിൽ ഒരു കൈ സഹായം നൽകുന്നതിനും അവർക്കു ബുദ്ധിമുട്ടില്ലായിരുന്നു.
അവർക്കു മക്കൾക്കായി നാനാതരം ഡ്രസുകളോ ആഡംബരവസ്തുക്കളോ നല്കാനില്ലായിരുന്നു. മക്കൾക്കായി പ്രത്യേക മുറികളോ മറ്റു സജ്ജീകരണങ്ങളോ അവർ നൽകിയുമില്ല. പക്ഷേ, ഉള്ളതെല്ലാം പങ്കുവച്ചുപയോഗിക്കുവാൻ അവർ മക്കൾക്കു പരിശീലനം നൽകി.
ഒരിക്കലും നിങ്ങളെന്തേ മറ്റുള്ളവരേപ്പോലെ ആകുന്നില്ല എന്നു ചോദിച്ചു മക്കളെ അലോസരപ്പെടുത്തിയില്ല. മക്കളുടെ കഴിവുകളെ അവർ അംഗീകരിച്ചു. തൃപ്തിയുടെ സുവിശേഷം അവർ മക്കൾക്കു നൽകി.
സ്വയംപര്യാപ്തതയുടെ പാഠങ്ങളാണ് അവർ മക്കളെ പഠിപ്പിച്ചത്. തങ്ങൾക്കുള്ള ഭൂമിയിൽ അധ്വാനിച്ചു തങ്ങൾക്ക് ആവശ്യമായതെല്ലാം അവർ വിളയിച്ചു. അധ്വാനത്തിൽ മക്കളെയും ഭാഗഭാക്കാക്കി. അധ്വാനത്തിന്റെ വില മനസിലാക്കിയ ആരോഗ്യമുള്ള മക്കളായിരുന്നു അവരുടെ സന്പാദ്യം.
മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിച്ച് പറഞ്ഞുപരത്തി അവരെ ജനമധ്യത്തിൽ അപഹാസ്യരാക്കുന്നതിനോ മറ്റുള്ളവരെ ചവുട്ടിത്താഴ്ത്തി വിജയശ്രീലാളിതരാകുന്നതിനോ ഒരിക്കലും അവർ മുതിർന്നിരുന്നില്ല. മക്കളെയും അതിനനുവദിച്ചിരുന്നില്ല.
അവർ ഭൂമിയോ ബാങ്ക് ബാലൻസോ ഷെയറുകളോ ഒന്നും മക്കൾക്കായി സന്പാദിച്ചുവച്ചില്ല. സത്യത്തിന്റെയും ധർമത്തിന്റെയും നന്മയുടെയും പാഠങ്ങൾ അവർ മക്കൾക്കു നൽകി. അതോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ത്യാഗമാണു സ്നേഹമെന്ന് അവർ സ്വന്തം ജീവിതത്തിലൂടെ മക്കൾക്കു കാണിച്ചുകൊടുത്തു.
മിനി അത്തിക്കളം
ഇതും ഒരു ശൈലി
12:22 AM Jun 01, 2019 | Deepika.com