ഒരു നല്ല കുടുംബം സ്വർഗത്തിന്റെ ഭൂമിയിലെ ഉത്തമസാദൃശ്യമാണെന്നും അതിനായി കുടുംബത്തെ ഒരുക്കുന്ന വിശ്വാസസംഹിതകൾ എന്തെല്ലാമെന്നും വിവരിക്കുന്നതാണ് ചാവറയച്ചൻ 150 വർഷം മുന്പ് രചിച്ച "ഒരു നല്ലയപ്പന്റെ ചാവരുൾ' എന്ന കൃതി. കൈനകരിയിലെ തന്റെ ഇടവകക്കാരെ മനസിൽക്കണ്ടു ചാവറയച്ചൻ രചിച്ച ചാവരുൾ പ്രസിദ്ധീകരിച്ചത് 1868 ഫെബ്രുവരി 13-നാണ്.
ചാവരുളിനു പുറമെ ആത്മാനുതാപം, മരണപർവം, അനസ്തസ്യായുടെ രക്തസാക്ഷിത്വം, ധ്യാനസല്ലാപങ്ങൾ തുടങ്ങിയ സാഹിത്യകൃതികളും ചാവറയച്ചൻ രചിച്ചു. കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹം ഇല്ലെങ്കിൽ വഴക്കുണ്ടാവുകയും കോടതിച്ചെലവിനും കഷ്ടനഷ്ടത്തിനും ഇടയാകുകയും ചെയ്യുമെന്നു ചാവരുളിൽ പ്രതിപാദിക്കുന്നു. എല്ലാവരും വിനയവും മിതവ്യയവും ശീലിക്കണം. മാതാപിതാക്കളും മക്കളും തമ്മിൽ ദൃഢബന്ധവും വേണം. ഇങ്ങനെ കുടുംബജീവിതം ധന്യമാക്കാനുള്ള ഉപദേശങ്ങളാണു ചാവരുളിലുള്ളത്.
ചാവരുളിലെ ചില ഉപദേശങ്ങൾ
* മക്കളേ, നിങ്ങൾ മാതാപിതാക്കളുടെ കൈകളിലെ നിക്ഷേപമാകുന്നു.
* ദൈവസ്നേഹവും ദൈവഭയവും ഉള്ള മക്കൾ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
* അമ്മയിൽ ആശ്രയിക്കുക. അമ്മയുടെ അപേക്ഷ കുഞ്ഞിന്റെ അപേക്ഷപോലെ ദൈവം കേൾക്കും.
* വളരുവാൻ ഭക്ഷണം എന്നതുപോലെ അറിവും വിശുദ്ധിയും ആത്മീയഭക്ഷണമാകുന്നു.
* കൃത്യമായി സ്കൂളിൽ പോകുകയും പഠിപ്പിക്കുന്നവ ആഴ്ചതോറും ഓർമപുതുക്കുകയും ചെയ്യുക.
* മടി സർവ ദുർഗുണങ്ങളെയും വളർത്തുന്നു.
* ദൈവത്തെ സ്നേഹിക്കുന്നവരാകട്ടെ നിങ്ങളുടെ കൂട്ടുകാർ.
* നിന്റെ കൂട്ടുകാർ ആരെന്നു പറയുക, നീ ആരെന്നു ഞാൻ പറയാം.
* ചീത്തപ്പുസ്തകങ്ങൾ സൂക്ഷിക്കുന്നതു വൈക്കോലിൽ തീ ഒളിച്ചുവയ്ക്കുന്നതുപോലെയാകുന്നു.
* പതിവായി സത്ഗ്രന്ഥങ്ങൾ വായിച്ചു ധ്യാനിക്കുക. അതു ബുദ്ധിയെ പ്രകാശിപ്പിക്കും.
* സമയക്രമീകരണത്തിലൂടെ കൃത്യനിഷ്ഠയുള്ളവരാകുക.
* മോശമായ സാഹചര്യങ്ങളിൽപ്പെട്ടാൽ, മാലാഖമാരായ നിങ്ങളെ അതു പിശാചുക്കളായി മാറ്റും.
* നിങ്ങൾ സന്ധ്യക്കുമുന്പേ വീട്ടിലെത്തി സന്ധ്യാനമസ്കാരങ്ങളിൽ പങ്കുചേരണം.
* പ്രായത്തിനടുത്ത വസ്ത്രധാരണവും ആത്മവിശുദ്ധിയും ഉളളവരാകണം. അമിതമായ വേഷാലങ്കാരം നിങ്ങളെ തിന്മയിലേക്കു നയിക്കും.
* നിങ്ങളുടെ അറിവിനും പ്രായത്തിനും അനുസരിച്ചുള്ള ജോലികൾ ചെയ്യണം.
* നിങ്ങളുടെ കഴിവ് ജീവിതക്രമത്തിലും ദൈവഭക്തിയിലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിലുമാകട്ടെ.
* നിങ്ങൾ സത്യത്തെയും നീതിയെയും സ്നേഹിക്കണം.
* വഞ്ചനകൊണ്ടും കളവുകൊണ്ടും സന്പാദിച്ചവ മഞ്ഞുപോലെ വേഗം അലിഞ്ഞുപോകും.
* മറ്റുള്ളവർ നിങ്ങളെ ഭയപ്പെടണമെന്നല്ല, സ്നേഹിക്കണം എന്നാണ് ആഗ്രഹിക്കേണ്ടത്.
* മറ്റുള്ളവർക്കു നന്മ ചെയ്യാത്ത ദിവസം നിന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ.
* പാവപ്പെട്ടവരെ നിന്ദിക്കുകയോ ബുദ്ധിമുട്ടിക്കുകയോ അരുത്.
* നിങ്ങൾ പ്രായത്തിലും പ്രാപ്തിയിലും എത്തിയാലും മാതാപിതാക്കൾക്കു കൊടുക്കേണ്ട അംഗീകാരവും വിധേയത്വവും നല്കണം.
* സ്വന്തം സഹോദരരെ ഒരിക്കലും വെറുക്കരുത്.
* വാർധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കുക. അതു മക്കളുടെ കടമയാണ്.
* നിങ്ങളെ ഓർത്ത് മാതാപിതാക്കൾ കണ്ണീർവീഴ്ത്താൻ ഇടവരുത്തരുത്. അവരെ വേദനിപ്പിച്ചാൽ ഈ ലോകത്തിൽതന്നെ ശിക്ഷ അനുഭവിക്കേണ്ടിവരും.
* നിങ്ങളുടെ ജീവിതാന്തസിനെ നിശ്ചയിക്കുന്നത് ദൈവവും തെരഞ്ഞെടുക്കുന്നത് നിങ്ങളുമാണ്.
* നിങ്ങൾ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്പോൾ സ്വഭാവഗുണവും ജീവിതമര്യാദകളും ഉള്ളവരെ തെരഞ്ഞെടുക്കണം.
* എളിയഭാവം കാണിക്കുന്നവനാണ് മനുഷ്യരിൽ ഏറ്റവും ഉന്നതൻ.
* സഹനങ്ങളും രോഗങ്ങളും വരുന്പോൾ ദൈവഹിതത്തിനു സമർപ്പിക്കണം
* നിങ്ങൾ ദൈവത്തിന്റെ സ്വന്തമാകയാൽ ദൈവത്തിനു തിരിച്ചേല്പിക്കപ്പെടേണ്ടവരാണ്.
ഡോ. കെ.ടി. അഗസ്റ്റിൻ കുന്നത്തേടം
എന്നും പ്രസക്തമായ ചാവരുൾ
10:09 PM Jan 02, 2019 | Deepika.com