ന്യൂഡൽഹി: മിലിട്ടറി നഴ്സിംഗ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ അന്നക്കുട്ടി ബാബു അധികാരമേറ്റു. ഡൽഹിയിലെ ഓഫീസിലാണ് സ്ഥാനാരോഹണ ചടങ്ങു നടന്നത്. ഏപ്രിൽ 30ന് സർവീസിൽ നിന്നും സ്ഥാനമൊഴിഞ്ഞ മേജർ ജനറൽ എലിസബത്ത് ജോണിന്റെ പിൻതുടർച്ചക്കാരിയായാണ് അന്നക്കുട്ടി ബാബുവിന്റെ നിയമനം.
പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് അന്നക്കുട്ടി ബാബു ജനിച്ചത്. പരന്പരാഗതമായി തന്റെ കുടുംബത്തിൽ നിന്നും ലഭിച്ച, സഹജീവികളോടുള്ള കനിവിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് തനിക്കു ലഭിച്ച പദവിയെന്നു മേജർ ജനറൽ പറഞ്ഞു. പുതിയ പദവിയിൽ പ്രവേശിക്കുന്നതിനു മുന്പ് ഡൽഹിയിലെ ധൗള കൂവയിലുള്ള റിസേർച്ച് ആൻഡ് റഫറൽ സൈനിക ആശുപത്രിയിലെ പ്രിൻസിപ്പാൾ മേട്രനായി പ്രവർത്തിച്ചു വരികയായിരുന്നു.
മിലിട്ടറി നഴ്സിംഗ് ഓഫീസർമാരും മറ്റു സന്നദ്ധസേവാ സംഘത്തോടുമൊപ്പം ചേർന്ന് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലുള്ള ജവാന്മാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് മേജർ ജനറൽ അന്നക്കുട്ടി ബാബു പറഞ്ഞു.
റിപ്പോർട്ട്: പി.എൻ. ഷാജി
മിലിട്ടറി നഴ്സിംഗ് സർവീസ് അഡീഷണൽ ഡയറക്ടർ ജനറലായി അന്നക്കുട്ടി ബാബു അധികാരമേറ്റു
08:54 PM May 02, 2018 | Deepika.com