പുഷ്പ ദ റെയ്സിലെ അഭിനയത്തിലൂടെ മികച്ച നടനായി അല്ലു അർജുൻ തെരഞ്ഞെടുക്കപ്പോൾ താരം ഹൈദരാബാദിലുള്ള വീട്ടിലായിരുന്നു.
ഭാര്യ സ്നേഹ റെഡ്ഡിയ്ക്ക് സ്നേഹചുംബനം നൽകി വിജയം ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. മക്കളായ അയാനും അർഹയും അച്ഛന് സ്നേഹാശംസകളുമായി ഒപ്പമുണ്ടായിരുന്നു.
പുഷ്പ ചിത്രത്തിന്റെ സംവിധായകൻ സുകുമാറിനെ ആലിംഗനം ചെയ്താണ് അല്ലു വിജയനിമിഷങ്ങൾക്ക് തുടക്കം കുറിച്ചത്. താരത്തിന്റെ പിതാവ് അല്ലു അരവിന്ദും ഒപ്പമുണ്ടായിരുന്നു. അല്ലുവിന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരം കൂടിയാണിത്.
ആന്ധ്രയിലെ ഉള്കാടുകളില് നിന്നും ചന്ദനം മുറിച്ച് കടത്തുന്ന പുഷ്പരാജ് എന്ന കാട്ടുകള്ളനായാണ് പുഷ്പയിൽ അല്ലു അർജുൻ എത്തിയത്.
കോവിഡ് തരംഗത്തിന് ശേഷം വന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നായിരുന്നു. രശ്മിക മന്ദാന നായികയായ സിനിമയിൽ ഫഹദ് ഫാസിലായിരുന്നു വില്ലനായി എത്തിയത്.