തമിഴ് നടൻ കവിൻ വിവാഹിതനായി. മോണിക്ക ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സ്വകാര്യ സ്കൂളിൽ ജോലിചെയ്യുകയാണ് മോണിക്ക. ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മുൻ മത്സരാർഥി കൂടിയാണ് കവിൻ.
ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കനാ കാണും കാലങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ അഭിനയരംഗത്തെത്തുന്നത്.
2017-ൽ സത്രിയൻ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേയ്ക്ക്. ഈ വർഷം പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രം തമിഴ്നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. മലയാളിയായ അപർണ ദാസായിരുന്നു ചിത്രത്തിലെ നായിക.