രജനീകാന്ത് ചിത്രം ജയിലർ കാണാൻ കുടുംബസമേതം തിയറ്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, കൊച്ചുമകൻ ഇഷാൻ എന്നിവരാണ് തിയറ്ററിലെത്തിയത്.
ശനിയാഴ്ച രാത്രി തിരുവന്തപുരത്തെ ലുലുമാളിലുള്ള പിവിആറിലാണ് മുഖ്യമന്ത്രി സിനിമ കാണാനെത്തിയത്.
കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു.സംവിധായകൻ നെൽസണെ അദ്ദേഹം നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. തിയറ്ററിൽ വൻതരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്.
റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോൾ ചിത്രം 300 കോടി ക്ലബ്ബിൽ കയറിയെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലും ജയിലർ തരംഗം ആഞ്ഞടിക്കുകയാണ്.
സൺ പിക്ചേഴ്സ് നിർമിച്ച ജയിലർ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്, വിനായകന്, ശിവ്രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജയിലർ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ; ഒപ്പം മരുമകനും: വീഡിയോ
12:20 PM Aug 14, 2023 | Deepika.com