തന്റെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന അപകടവാര്‍ത്തകളില്‍ പ്രതികരണവുമായി മിമിക്രി താരം തങ്കച്ചന് വിതുര. ഇപ്പോള്‍ പ്രചരിക്കുന്നത് ഒരാഴ്ച മുന്‍പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണെന്ന് താരം വ്യക്തമാക്കി. തനിക്കിപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും തങ്കച്ചൻ പറഞ്ഞു.
എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്നേഹത്തോടെ തങ്കച്ചൻ. അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കാറും ജെസിബിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉൾപ്പടെ പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം തന്നെ എത്തിയത്.
വിതുരയിലെ വീട്ടിൽ നിന്നു തിരുവനന്തപുരത്തേക്ക് സ്റ്റേജ് പരിപാടിക്കായി പോകവേ കഴിഞ്ഞ ആഴ്ച പുലർച്ചെ ഒന്നോടെ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപമായിരുന്നു അപകടം.
നായ കുറുകെ ചാടിയതിനെ തുടർന്നു തങ്കച്ചൻ സഞ്ചരിച്ച കാർ വെട്ടിത്തിരിച്ചപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മണ്ണുമാന്തിയിൽ തട്ടുകയായിരുന്നു.
അപകടം നടന്നത് ഒരാഴ്ച മുൻപ്; ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല: പ്രതികരിച്ച് വിതുര തങ്കച്ചൻ
11:12 AM Aug 11, 2023 | Deepika.com