ന്യൂഡൽഹി: പഞ്ചാബിലെ മൊഹാലിയിൽ ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ കീഴിലുള്ള ചണ്ഡീഗഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയ സ്കൂൾ ആരംഭിക്കുന്നു. 2014 ഡിസംബറിലാണ് ഗ്രേറ്റർ മൊഹാലി ഡവലപ്പ്മെന്റ് അതോറിട്ടിയിൽനിന്നും 2.8 ഏക്കർ സ്ഥലം സ്കൂളിനു വേണ്ടി ചണ്ഡീഗഡ് ഓർത്തഡോക്സ് ചർച്ച് സൊസൈറ്റി വാങ്ങിയത്. 2017 മാർച്ച് 4നാണ് തറകല്ലിടൽ നിർവഹിച്ചത്.
സ്കൂളിന്റെ കൂദാശയും ഉദ്ഘാടനവും മാർച്ച് നാല് ഞായറാഴ്ച നടക്കും. രാവിലെ 11.30നു ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദമത്രയോസ് തിരുമേനി കൂദാശ കർമം നിർവഹിക്കും. ഉച്ചയ്ക്കുശേഷം 2.30നു സ്കൂൾ കുട്ടികൾ വിശിഷ്ട വ്യക്തികളെ സ്കൂളിലേക്കു സ്വീകരിച്ചു ആനയിക്കും. മൂന്നിന് പൊതുസമ്മേളനം ആരംഭിക്കും. യൂഹാനോൻ മാർ ദമത്രയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സ്കൂളിന്റെ ഉദ്ഘാടനം പഞ്ചാബിന്റെ വിദ്യാഭ്യാസമന്ത്രി അരുണ ചൗദരി നിർവഹിക്കും.
ചടങ്ങിൽ മൊഹാലി എംപി, എംഎൽഎ, മേയർ തുടങ്ങി നിരവധി സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസമേഖലകളിൽനിന്നുള്ളവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടകൾ നടക്കും. ആധുനിക സജ്ജീകരണങ്ങളോടുകൂടി ഉന്നതമായ വിദ്യാഭ്യാസം കുട്ടികൾക്ക് ഈ സ്കൂളിൽ കൂടി പകർന്നു കൊടുക്കുമെന്നും ഏപ്രിൽ രണ്ടു മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും ചെയർമാൻ ഫാ. യാക്കോബ് ബേബി അറിയിച്ചു.
റിപ്പോർട്ട്: ജോജി വഴുവാടി
മൊഹാലിയിൽ ഓർത്തഡോക്സ് സഭയ്ക്ക് പുതിയ സ്കൂൾ
09:24 PM Mar 02, 2018 | Deepika.com