തന്റെ സിനിമകളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്ന് നടൻ പൃഥ്വിരാജ്. ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിനിടെ സിനിമയിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ത്രീകളോട് താൻ സ്വീകരിക്കുന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സിനിമയെ ശുദ്ധീകരിക്കാൻ താങ്കൾക്ക് എന്ത് സംഭാവന ചെയ്യാൻ സാധിക്കുമെന്ന ചോദ്യത്തിന് "എന്റെ സിനിമകളെക്കുറിച്ച് മാത്രമെ എനിക്ക് സംസാരിക്കാൻ സാധിക്കു. മറ്റ് സിനിമകളും പലതരത്തിലുമുള്ള ആൾക്കാരുമുണ്ട്. എന്റെ സിനിമകളുടെ പേരിൽ ഇതുവരെ പരാതികളൊന്നും വന്നിട്ടില്ല. എന്റെ സിനിമകളിൽ അത്തരം പരാതികളൊന്നും ഉണ്ടാവില്ലെന്നു ഞാൻ നിങ്ങൾക്ക് ഉറപ്പു തരാം...' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ സിനിമ മേഖലയിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് നിരവധിയാളുകൾ എത്തിയിരുന്നു. മാത്രമല്ല തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞും നിരവധിപേർ രംഗത്തെത്തിയിരുന്നു.
മുന്പ് കേസിലെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തിയുടെ സ്വാധീനം മുഖവിലയ്ക്കെടുക്കാതെ ഇരയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കി തുറന്ന നിലപാട് പൃഥ്വിരാജ് സ്വീകരിച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിനെതിരെ അമ്മ സംഘടനയിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തിയതും പൃഥ്വിരാജ് ആയിരുന്നു.
എന്റെ സിനിമയിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കും: പൃഥ്വിരാജ്
01:52 PM Dec 10, 2017 | Deepika.com