ന്യൂഡൽഹി: പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷങ്ങൾ ഫെബ്രുവരി 13, 14 (ചൊവ്വ, ബുധൻ) എന്നീ ദിവസങ്ങളിലായി നടക്കും. ദക്ഷിണേന്ത്യയിൽ 13നും ഉത്തരേന്ത്യയിൽ 14നുമാണ് ശിവരാത്രി ആഘോഷിക്കപ്പെടുന്നത്.
ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്നത്തിൽ ഇന്ന് ക്ഷേത്രം നിർമിക്കപ്പെട്ടിട്ടുള്ള സ്ഥലത്ത് 800 വർഷങ്ങൾക്കു മുൻപ് ശിവ പാർവതി ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അതിന്റെ ദിവ്യശക്തി ഇവിടെ നിലനിൽക്കുന്നുണ്ടെന്നും കാണുകയുണ്ടായി. അതുകൊണ്ട് തന്നെ ധർമ്മശാസ്താവിന്റെ പ്രധാന പ്രതിഷ്ഠയുള്ള ഇവിടെ ശിവന്റെ മറ്റൊരു രൂപമായ ദക്ഷിണമൂർത്തിയുടെ ഉപദേവതയായി ശ്രീകോവിലിന്റെ ദക്ഷിണദ്വാരത്തിൽ പ്രതിഷ്ഠിച്ചു ആരാധിക്കുന്നു.
13നും 14നും ശിവലിംഗത്തിൽ പാലഭിഷേകം നടത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതാണ്. 14നു വൈകിട്ട് പതിനായിരക്കണക്കിന് ദീപങ്ങൾ ക്ഷേത്രപരിസരത്ത് ഭക്തജനങ്ങൾ തെളിയിച്ചു മഹാ ദീപാരാധന നടത്തും. ഉത്തരേന്ത്യയിൽ ആദ്യമായി ലക്ഷദീപങ്ങൾ ജ്വലിപ്പിച്ച് ലക്ഷദീപാർച്ചന നടന്നിട്ടുള്ളത്(2012) ഈ ക്ഷേത്രത്തിലാണ്. ഈ വർഷം 50,000ത്തിലധികം ദീപങ്ങൾ ജ്വലിപ്പിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
13നു രാവിലെ നട തുറക്കും. 6.15ന് അഷ്ടാഭിഷേകം, 6.30ന് ദ്രവ്യ ഗണപതിഹോമം, 8ന് ഉഷപൂജ, 6ന് കേളികൊട്ട്, 6,30ന് ദീപാരാധന, 8.45ന് അത്താഴപൂജ, 9ന് ഹരിവരാസനം പാടി നടയ്ക്കും.
14നു രാവിലെ വിശേഷാൽ പൂജകൾക്കുശേഷം വൈകിട്ട് 5.30 മുതൽ ദീപങ്ങൾ ജ്വലിപ്പിക്കും. 6.30ന് മഹാദീപാരാധനയ്ക്കുശേഷം 7 മുതൽ വിഷ്ണുപൂജ നടക്കും.
13നും 14നും രാവിലെ 8.30 മുതൽ ലഘുഭക്ഷണവും, 13നു വൈകിട്ട് അന്നദാനവും 14നു വൈകിട്ട് ഭജനയും ബദാംപാൽ വിതരണവും നടക്കും. 13നു വൈകിട്ട് 7ന് ഇന്റർ നാഷണൽ കഥകളി സെന്ററിലെ കലാകാരന്മാരുടെ കിരാതം കഥകളി അരങ്ങേറും. 14നു വൈകിട്ട് 7 മുതൽ സി.കെ. മാരാരും സംഘവും(ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ്) നടത്തുന്ന തായന്പകയും ഉണ്ടാകും. 13നു രാവിലെ മുതൽ ശിവപുരാണ വായനയും നടക്കും.
സ്ത്രീകളും കുട്ടികളുമടക്കും നൂറുകണക്കിന് ഭക്തജനങ്ങളാണ് ചിരാതുകൾ അലങ്കരിച്ചുവയ്ക്കുന്നതിനും ജ്വലിപ്പിക്കുന്നതിനും 14നു രാവിലെ മുതൽ പങ്കെടുക്കുക. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും ചിരാതുകൾ കത്തിക്കുവാനുള്ള സൗകര്യം ഭാരവാഹികൾ ചെയ്തിട്ടുണ്ട്.
ഇതിന്റെ വിജയകരമായ നടത്തിപ്പിനായി പുഷ്പവിഹാറിലും പരിസരപ്രദേശത്തുമുള്ള ഭക്തജനങ്ങളുടെ ഒരു ആഘോഷകമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. ശവികുമാർ നായർ കണ്‍വീനറും കെ.കെ. സോമൻ, അനിൽകുമാർ എന്നിവർ ജോ. കണ്‍വീനർമാരായും പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം
09:21 PM Feb 12, 2018 | Deepika.com