റഹ്മാൻ നായകനായി എത്തുന്ന സമാറ എന്ന ചിത്രത്തിനു വേണ്ടി പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്ത്(കെകെ)പാടിയ ഗാനം പുറത്തിറങ്ങി.
പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെ.കെ. അവസാനമായി പാടിയത് സമാറയ്ക്ക് വേണ്ടിയായിരുന്നു.
പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് നവാഗതനായ ദീപക് വാര്യരാണ്.
"ദിൽബറോ " എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്റൈസ് യൂസഫ് ബെയ്ഗ് എന്നിവർ ചേർന്നാണ്. മലയാളത്തിൽ പാട്ടുകൾ പാടാൻ ആഗ്രഹിച്ച കെ.കെയെ തേടിയെത്തിയത് മലയാളികളുടെ ഹിന്ദി ഗാനമായിരുന്നു.
മലയാളത്തിൽ താൻ അധികം പാട്ടുകൾ പാടിയിട്ടില്ലെന്നും വീണ്ടും മലയാളത്തിലുള്ള പാട്ടുകൾ തരണമെന്നും സംഗീത സംവിധായകനായ ദീപക് വാര്യരോട് കെ.കെ. ആവശ്യപ്പെട്ടത് ദീപക് ഓർമ്മിക്കുന്നു.
ഇതേ പാട്ട് തന്നെ മലയാളത്തിലും തമിഴിലും പാടിയിരിക്കുന്നത് ലക്ഷ്മി മോഹൻ ആണ്. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം.കെ. സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലറാണ്.
ബോളിവുഡ് താരം മീർസർവാർ, ഭരത്,സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും വിദേശതാരങ്ങളും ചിത്രത്തിലെത്തുന്നു. ചിത്രം ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളിൽ എത്തിക്കും.
ഛായാഗ്രഹണം- സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം- ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ- ദീപക് വാരിയർ,എഡിറ്റർ- ആർ.ജെ. പപ്പൻ, സൗണ്ട് ഡിസൈൻ- അരവിന്ദ് ബാബു, കോസ്റ്റ്യൂം- മരിയ സിനു.
കലാസംവിധാനം രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ഐക്കരശേരി, സംഘട്ടനം ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പിആർഒ- മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ. മാർക്കറ്റിംഗ് ബിനു ബ്രിംഗ് ഫോർത്ത്. ഡിജിറ്റൽ പിആർ- ഒബ്സ്ക്യൂറ.