ഹോളിവുഡ് സമരം, റെക്കോര്‍ഡ് തുക സംഭാവനയായി നല്‍കി ഡ്വേയ്ന്‍ ജോണ്‍സണ്‍

11:46 AM Jul 25, 2023 | Deepika.com

കാലിഫോര്‍ണിയ: ഹോളിവുഡില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചയായി നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന് പുറമേ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് - അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് ഫൗണ്ടേഷന് (എസ്എജി-എഎഫ്ടിആര്‍എ) വലിയൊരു തുക സംഭാവന ചെയ്ത് നടനും മുന്‍ റെസ്ലിംഗ് താരവുമായ ഡ്വേയ്ന്‍ ജോണ്‍സണ്‍.

ഏഴക്ക തുകയാണ് അദ്ദേഹം സംഭാവന ചെയ്തതെന്നും ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ തുകയാണിതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. സംഭാവന ആയി ലഭിച്ച തുകയുടെ കൃത്യം കണക്ക് സംഘടന പുറത്ത് വിട്ടിട്ടില്ല. ഡ്വേയ്‌നും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. പ്രതിഫലം കൃത്യമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഹോളിവുഡിലെ സിനിമാ-ടിവി എഴുത്തുകാര്‍ സമരത്തിലാണ്.

സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡും (എസ്എജി) ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്തു. 1.6 ലക്ഷം കലാകാരന്മാരാണ് എസ്എജിയിലുള്ളത്. മുന്‍നിര വിനോദ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിഫലം വര്‍ധിപ്പിക്കുന്നതിലുള്ള അനിശ്ചിതാവസ്ഥ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള തൊഴില്‍ നഷ്ടം എന്നീ പ്രശ്‌നങ്ങളും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞു.