ഗാന്ധി സ്മരണകൾക്കു മുന്പിൽ പുഷ്പാർച്ചനകളുമായി കിഴക്കിന്‍റെ വെനീസും ശ്രുതി ആർട്സും

06:14 PM Feb 02, 2018 | Deepika.com
ന്യൂഡൽഹി: മഹാത്മജിയുടെ സ്മരണകൾക്ക് മുന്പിൽ പുഷ്പാർച്ചനകളുമായി കിഴക്കിന്‍റെ വെനീസും ശ്രുതി ആർട്സും ഒത്തുകൂടി. ഗാന്ധിജിയുടെ എഴുപതാമതു രക്തസാക്ഷി ദിനത്തിൽ കേരള ഹൗസിലെ കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങായിരുന്നു വേദി.

ശ്രുതി ആർട്സിലെ സി. പ്രതാപൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ ശശി തരൂർ എംപി മുഖ്യ പ്രഭാഷണം നടത്തി. പ്രോവിഡന്‍റ് ഫണ്ട് കമ്മീഷണർ ഡോ. ജോയ് വാഴയിൽ ഐഎഎസ്, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്‍റ് ടി.കെ. കുട്ടപ്പൻ, എൻഎസ്എസ് ഡൽഹി വൈസ് പ്രസിഡന്‍റും കിഴക്കിന്‍റെ വെനീസിന്‍റെ രക്ഷാധികാരിയുമായ ബാബു പണിക്കർ, ഷാജി മൃത്യുഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു പ്രശസ്ത മാന്തികനായ വിൽസണ്‍ ചന്പക്കുളം, ഗാന്ധിമന്ത്ര ഇല്ല്യൂഷൻ, വയലിനിലൂടെ ആരിക ആർ. കമ്മത്ത് അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറി. ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി