തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി).
തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഷൂട്ടിംഗ് നിശ്ചയിച്ച സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കണം.
സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം. മറ്റ് ഇൻഡസ്ട്രികളില് നിന്നുള്ള താരങ്ങളുടെ ഇടപെടൽ മൂലം ഫെഫ്സി അംഗങ്ങൾക്ക് സിനിമ ലഭിക്കുന്നില്ലെന്നും തമിഴ് സിനിമകളുടെ ഷൂട്ടിംഗ് തമിഴ് നാട്ടിൽ നിന്നും അകന്നുപോകുകയാണെന്നും ഇവർ ആരോപിക്കുന്നു.
തമിഴ് സിനിമാ മേഖലയിലെ വ്യത്യസ്ത മേഖലകളിലുള്ള ആളുകളുടെ കൂട്ടായ്മയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി). സംവിധായകനും നിർമാതാവുമായ ആർ.കെ. സെൽവമണിയാണ് സംഘടനയുടെ ചെയർമാൻ.
തമിഴ് സിനിമയിൽ ഇനി തമിഴ് അഭിനേതാക്കൾ മാത്രം മതി; നിബന്ധനകളുമായി ഫെഫ്സി
02:52 PM Jul 21, 2023 | Deepika.com