പുതിയ താരങ്ങളെ നിലയ്ക്ക് നിർത്താൻ നിർമാതാക്കളുടെ സംഘടന ഇടപെടണമെന്ന് സംവിധായകൻ വിനയൻ. നിർമാതാക്കൾ വിളിച്ചാൽ അവഹേളിക്കുന്ന പെരുമാറ്റമാണ് ചെറുപ്പക്കാർ കാണിക്കുന്നത്.
മോഹൻലാലിനെയും മമ്മൂട്ടിയെയും അവരുടെ ചെറുപ്പകാലത്ത് കുറ്റം പറഞ്ഞിരുന്നുവെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അവരൊക്കെ പൊന്നായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നതായും വിനയൻ പറഞ്ഞു.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു.
എന്റെ നിലപാടുകളിൽ ഞാൻ ഉറച്ചുനിന്നിരുന്ന ഒരു കാര്യമുണ്ട്. താരങ്ങളുടെ മുന്നിൽ നമുക്ക് വിലയുണ്ടാകണം. പണ്ട് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഏറ്റവും സൂപ്പർ ആയിരുന്ന കാലത്ത് നമ്മൾ ഉപദേശിച്ചിരുന്നെങ്കിൽ, അവരൊക്കെ എത്ര പൊന്നായിരുന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇപ്പോഴത്തെ ചെറുപ്പക്കാരൊക്കെ ഇവിടുത്തെ നിർമാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണ്. സാധാരണ ഒരു നിർമാതാവ് ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും ഫോൺ എടുക്കില്ല അല്ലെങ്കിൽ അവരെ പരിഹസിക്കുക, ആരാ അമ്മാവാ എന്ന് ചോദിക്കുന്ന അവസ്ഥ.
കാശ് മുടക്കുന്ന നിർമാതാക്കളെ അവഹേളിക്കുന്ന അവസ്ഥ. നിങ്ങളുടെ ഡേറ്റ് വേണ്ട. ഒരു ഫോൺ വിളിച്ചാൽ അതെടുത്ത് മറുപടി പറയുകയെങ്കിലും വേണ്ടേ. എത്രയോ ചെറുപ്പക്കാരായ നിർമാതാക്കൾ പറയുന്നു. അവർ വിളിച്ചാൽ എടുക്കുന്നില്ല.
ഇതൊക്കെ മാറണം, ഇത് മാറുകയും നിർമാതാക്കളെ അങ്ങനെ അവഹേളിക്കുന്നത്, നിർമാതാക്കൾ ഒന്നും അല്ല എന്ന രീതിയിൽ പെരുമാറുന്ന താരങ്ങളെ നിലയ്ക്കു നിർത്താനും മാത്രം ഈ അസോസിയേഷന് കെൽപ്പുണ്ടാകണം എന്നെനിക്ക് അഭിപ്രായമുണ്ട്. അത് നടപ്പാക്കാനായിട്ട് തീർച്ചയായിട്ടും ആന്റോ ജോസഫ് ഉദ്ദേശിച്ചാൽ നടക്കും.
നമ്മൾ ആലോചിക്കേണ്ടൊരു കാര്യമുണ്ട്. നമുക്ക് വേണ്ടി കഥ എഴുതുന്ന സ്ക്രിപ്റ്റ് റൈറ്റേഴ്സ് യൂണിയൻ പോലും ഒരു സിനിമ നിർമിച്ചു, ‘കാപ്പ’.
കോടിക്കണക്കിനു ഫണ്ടും കിട്ടി. നമുക്കും സിനിമയെടുക്കണം. കടങ്ങൾ വീട്ടണം. ഒരു സൂപ്പർസ്റ്റാറിന്റെ സിനിമ നിർമിച്ച് കൈമാറ്റം ചെയ്താൽപോലും ഒരുകോടി രൂപ ഉണ്ടാക്കാം. അറുപതു വയസു കഴിഞ്ഞ എല്ലാ നിർമാതാക്കൾക്കും പതിനായിരം രൂപ വച്ച് പെൻഷൻ കൊടുക്കണം.
നിങ്ങള് ഉദ്ദേശിച്ചാൽ നടക്കും. അങ്ങനെയൊരു തീരുമാനം നിങ്ങൾക്ക് എടുക്കാൻ സാധിക്കും. എല്ലാ വർഷവും നിർമാതാക്കളുടെ സംഘടന ഒരു സിനിമ നിർമിക്കണം. പുതിയ ഭാരവാഹികൾക്ക് അത് പറ്റും എന്നു തന്നെയാണ് എന്റെ വിശ്വാസം. വിനയൻ പറഞ്ഞു.
മോഹൻലാലും മമ്മൂട്ടിയുമൊക്കെ പൊന്നാണ്; ഇപ്പോഴത്തെ ചെറുപ്പക്കാർ വിളിച്ചാൽ ഫോൺ എടുക്കില്ല: വിനയൻ
12:28 PM Jul 20, 2023 | Deepika.com