നയൻതാരയെ ഒന്നു സൂക്ഷിച്ച് കൊള്ളണമെന്ന് വിഗ്നേഷ് ശിവന് മുന്നറിയിപ്പ് നൽകി ഷാരുഖ് ഖാൻ. റിലീസിനൊരുങ്ങുന്ന ജവാൻ സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് വിഗ്നേഷ് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് രസകരമായ മറുപടിയായാണ് നയൻതാരയെ സൂക്ഷിക്കണമെന്ന് ഷാരുഖ് പറഞ്ഞത്.
നയൻ ഇപ്പോൾ പല കിക്കുകളും പഞ്ചുകളും പഠിച്ചിട്ടുണ്ടെന്നും അതുകൊണ്ടു ഒന്ന് സൂക്ഷിച്ചോളൂ എന്നായിരുന്നു ഷാരുഖിന്റെ കമന്റ്.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട സ്റ്റോറിയിൽ വിഘ്നേഷ് ശിവൻ കുറിച്ചതിങ്ങനെ, "ബോളിവുഡിൽ ഒരു മികച്ച ചിത്രവുമായി അരങ്ങേറ്റം കുറിക്കുന്ന അറ്റ്ലിയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഇത് ലോകശ്രദ്ധ ആകർഷിക്കുന്ന ഒരു സിനിമ തന്നെയായിരിക്കും.
വളരെയധികം പരിശ്രമവും ക്ഷമയും കഠിനാധ്വാനവും ഇതിനു പിന്നിലുണ്ട്. എന്റെ വക ഒരു ആലിംഗനം സ്വീകരിക്കൂ. കിംഗ് ഷാരൂഖ് ഖാനൊപ്പം സ്വപ്നതുല്യമായ അരങ്ങേറ്റം കുറിക്കുന്ന നയൻതാരയ്ക്കും അനിരുദ്ധിനും ഭാവുകങ്ങൾ. വിജയ് സേതുപതി സാറിനും അഭിനന്ദനങ്ങൾ'.
‘‘എല്ലാ സ്നേഹത്തിനും നന്ദി വിഘ്നേഷ് ശിവൻ. നയൻതാര അതിഗംഭീരമായാണ് അഭിനയിക്കുന്നത്. പക്ഷേ ആരോടാണ് ഇത് പറയുന്നതെന്ന് ഞാൻ മറന്നുപോയി. നിങ്ങൾക്ക് അവളെക്കുറിച്ച് എല്ലാം അറിയാമല്ലോ. പക്ഷേ സൂക്ഷിക്കുക അവർ ഇപ്പോൾ ചില പുതിയ അടവുകളും കിക്കുകളും പഞ്ചുകളും പഠിച്ചിട്ടുണ്ട്.’’–വിഘ്നേഷിന് മറുപടിയായി ഷാറുഖ് കുറിച്ചു.
ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ. നയതാരയാണ് നായിക. ദീപിക പാദുക്കോണും അതിഥിവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.
പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിംഗ് റൂബെൻ.
നയൻതാരയെ സൂക്ഷിക്കണം; വിഗ്നേഷിന് ഷാരുഖിന്റെ മുന്നറിയിപ്പ്
12:29 PM Jul 14, 2023 | Deepika.com