സാമന്തയുടെ ചികിത്സകൾ കഠിനം?

03:19 PM Jul 13, 2023 | Deepika.com

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ നടി സാമന്ത നേരിട്ട പ്രതിസന്ധികൾ ചെറുതല്ല. വിവാഹമോചനം, പിന്നാലെ വന്ന അധിക്ഷേപങ്ങൾ, അപൂർമായി മാത്രം പിടിപെടുന്ന മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ കണ്ടീഷൻ തുടങ്ങിയ വെല്ലുവിളികൾ സാമന്ത ഇതിനകം നേരിട്ടു.

കഴിഞ്ഞ കുറേ മാസങ്ങളായി മയോസിറ്റിസിനെതിരായ ചികിത്സകളിലൂടെ കടന്ന് പോകുകയാണ് സാമന്ത. ഇതിനിടെ ഒപ്പുവച്ച സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കി. രോഗം പൂർണമായും തീരുന്നതു വരെ ഒരു വർഷത്തെ ഇടവേളയിലേക്ക് കടക്കുകയാണ് സാമന്ത. അടുത്തിടെ നടി പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചികിത്സാഘട്ടങ്ങളെക്കുറിച്ചുള്ള ചില സൂചനകൾ ഉണ്ടായിരുന്നു.

കഠിനമായ ആറുമാസങ്ങളാണ് കടന്നുപോയതെന്ന് സാമന്ത വ്യക്തമാക്കി. സാമന്തയുടെ ചികിത്സാ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹെപർബറിക് തെറാപ്പിയാണ് നടി ചെയ്യുന്നത്. ശരീരത്തിലേക്ക് ശുദ്ധമായ ഓക്സിജൻ എത്തിക്കുന്ന പ്രക്രിയയാണിത്. സാധാരണ ശ്വസിക്കുമ്പോൾ ശരീരത്തിനുള്ളിലേക്ക് കലരുന്ന വിഷാംശം നിറഞ്ഞ വായുവിന് പകരം ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ ശുദ്ധ വായു എത്തിക്കുന്നു.

ദിവസം രണ്ട് മണിക്കൂറോളം ഈ ചികിത്സ നീണ്ടു നിൽക്കും. സാധാരണയേക്കാൾ മൂന്നിരട്ടി എയർ പ്രഷറിലാണ് ഓക്സിജൻ ശ്വാസകോശത്തിലേക്കെത്തിക്കുക. ശരീരത്തിലെ വിഷാംശം പുറംതള്ളാനും റേഡിയേഷനുശേഷം പഴയ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കാനുമെല്ലാം ഈ തെറാപ്പി ഫലപ്രദമാണ്.

ഇതിനു പുറമെ മറ്റ് ചികിത്സകളിലൂടെയും സാമന്ത കടന്ന് പോകുന്നുണ്ട്. പേശികളെയാണ് മയോസിറ്റിസ് കാര്യമായി ബാധിക്കുക. കടുത്ത വേദനയും അനുഭവപ്പെടാം. രോഗത്തെ പിടിച്ച് നിർത്താൻ ഒരുപരിധി വരെ സാമന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ വ്യായമവും ഡയറ്റിംഗുമാണ് നടിയെ ഇതിന് സഹായിക്കുന്നത്.