ന്യൂഡൽഹി: ആർ.കെ.പുരം അയ്യപ്പ ക്ഷേത്രത്തിൽ ഡിസംബർ 10ന് ബിഎസ്എഫിലെ ഭക്തജന കൂട്ടായ്മ അയ്യപ്പ പൂജ നടത്തി. രാവിലെ നിർമ്മാല്യ ദർശനം, ഗണപതി ഹോമം എന്നിവയോടെ ആരംഭിച്ച ചടങ്ങുകളിൽ ഉദയാസ്തമയ പൂജ, ശാസ്താ പ്രീതി, മറ്റു വിശേഷാൽ പൂജകൾ എന്നിവയോടെയാണ് സമാപിച്ചത്.
പൂജകളോടനുബന്ധിച്ചു നിലവിളക്കുകളുടെ ശോഭയോടൊപ്പം അലങ്കാരപ്രഭയിൽ കുളിച്ചുനിന്ന ക്ഷേത്രാങ്കണത്തിൽ ബിഎസ്എഫ് ഒരുക്കിയ നിറച്ചാർത്തണിഞ്ഞ കളം നേരിൽ കാണുവാൻ ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും, ധാരാളം ഭക്തജനങ്ങൾ എത്തിയിരുന്നു. ആർ.കെ. പുരം സെക്ടർ ഒന്നിലെ ശ്രീ ധർമ്മ ശാസ്താ ഭജനസമിതി അവതരിപ്പിച്ച ഭജന ക്ഷേത്രാന്തരീക്ഷം ഭക്തിസാന്ദ്രമാക്കി.
പൂജകളിലും അന്നദാനത്തിലും പങ്കെടുത്ത് കലിയുഗ വരദനായ അയ്യപ്പ സ്വാമിയുടെ കരുണാ കടാക്ഷങ്ങൾ ഏറ്റുവാങ്ങുവാൻ ഭക്തജനങ്ങളോടൊപ്പം ബിഎസ്എഫ്, ഡയറക്ടർ ജനറൽ കെ.കെ.ശർമ്മയും സന്നിഹിതനായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി
ആർ.കെ.പുരം ക്ഷേത്രത്തിൽ ബിഎസ്എഫ് അയ്യപ്പ പൂജ നടത്തി
11:02 AM Dec 11, 2017 | Deepika.com