11 വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ രാംചരൺ-ഉപാസന ദന്പതികളുടെ മകൾക്ക് അംബാനി കുടുംബം നൽകിയ സമ്മാനമാണ് തെന്നിന്ത്യൻ ലോകത്ത് ചർച്ചയാകുന്നത്. കുഞ്ഞിന് സ്വർണതൊട്ടിലാണ് അംബാനി കുടുംബം സമ്മാനിച്ചിരിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമം പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
ലക്ഷങ്ങൾ വിലവരുന്ന ഈ സമ്മാനം കുഞ്ഞിന്റെ പേരിടൽ ചടങ്ങിനോടനുബന്ധിച്ചാണ് അംബാനി കുടുംബം നൽകിയിരിക്കുന്നത്. ഈ മാസം 20നാണ് രാംചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നത്.
ഇന്നാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളും പങ്കെടുക്കുന്ന ചടങ്ങ് ആചാരപ്രകാരം ഉപാസനയുടെ അമ്മയുടെ വീട്ടിൽവച്ചാണ് നടത്തുന്നത്.
'മെഗ പ്രിൻസസ്' എന്നാണ് മുത്തച്ഛൻ ചിരഞ്ജീവി തന്റെ കൊച്ചുമകളെ ആദ്യമായി വിളിച്ചത്. കുട്ടി ജനിക്കുന്നതിന് മുൻപ് കൈ കൊണ്ടുണ്ടാക്കിയ തൊട്ടില് കുഞ്ഞിനായി ലഭിച്ച വിശേഷം ഉപാസന സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരുണ്ടാക്കിയ തൊട്ടിലാണെന്നും ഉപാസന അന്ന് വെളിപ്പെടുത്തിയിരുന്നു. ആർആർആർ ഗായകൻ കാലഭൈരവ കുട്ടിക്കായി പ്രത്യേകം ഒരു ട്യൂൺ തന്നെ കംപോസ് ചെയ്തതും വാർത്തയായിരുന്നു.
രാംചരണിന്റെ മകൾക്ക് സ്വർണതൊട്ടിൽ സമ്മാനിച്ച് അംബാനി കുടുംബം?
03:12 PM Jun 30, 2023 | Deepika.com