അമ്മ ജനറൽ ബോഡി യോഗത്തിന് ശേഷം അംഗങ്ങളുമൊത്തുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്കായി നിലത്തിരുന്ന് മമ്മൂട്ടി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മ അസോസിയേഷന്റെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്.
യോഗത്തിന് ശേഷം അസോസിയേഷനിലെ എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത് പതിവാണ്. ഇതിനായി എല്ലാവരും ഒരുമിച്ചിരിക്കുന്നതിനിടയിലേക്കാണ് നിലത്തിരിക്കാനായി മമ്മൂട്ടിയും എത്തിയത്.
മമ്മൂട്ടിയ്ക്കൊപ്പം നിലത്തിരിക്കാനായി മഞ്ജുവും എത്തി. മനോജ് കെ. ജയനും മമ്മൂട്ടിയ്ക്കടുത്ത് സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷത്തെ ജനറൽ ബോഡിക്ക് ശേഷവും മമ്മൂട്ടി ഗ്രൂപ്പ് ഫോട്ടോയിൽ നിലത്ത് ഇരുന്നാണ് പോസ് ചെയ്തത്.
290 അംഗങ്ങളാണ് ഞായറാഴ്ച കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്. എൺപതിലധികം അംഗങ്ങൾ കത്തുവഴി അവധി അപേക്ഷ നൽകിയിരുന്നു.
പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ദീക്ക് കണക്കുകളും അവതരിപ്പിച്ചു. അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മോഹൻലാൽ, മമ്മൂട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു.