കേരളത്തിന്റെ ചിത്രം എന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞ "2018' 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു. 200 കോടി നേടുന്ന ആദ്യ മലയാള ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. സിനിമയുടെ നിര്‍മാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പത്തു ദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചത്. തിയറ്ററുകളിൽ പ്രദർശന വിജയം നേടിയ ചിത്രം ജൂൺ ഏഴു മുതൽ സോണി ലിവ്വിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.
അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം.
വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.
200 കോടി ക്ലബിൽ ഇടം നേടി 2018; സന്തോഷം പങ്കുവച്ച് നിർമാതാവ്
09:31 AM Jun 09, 2023 | Deepika.com