ജന്തർമന്തറിൽ സമരം തുടരുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി നടൻ ടൊവീനോ തോമസ്. രാജ്യത്തെ സാധാരണക്കാരന് ലഭിക്കുന്ന നീതി ഇവർക്ക് ലഭിക്കണമെന്നും എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായതുകൊണ്ട് ഇവർ തഴയപ്പെടരുതെന്നും സമൂഹമാധ്യമത്തിലൂടെ ടൊവീനോ കുറിച്ചു.
അന്തരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട. പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ.- ടൊവീനോ കുറിച്ചു.
ലൈംഗികാതിക്രമ പരാതിയിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഏപ്രിൽ 23ന് ജന്തർ മന്തറിലാണ് ഗുസ്തി താരങ്ങളുടെ സമരം ആരംഭിച്ചത്.
ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
എതിർപക്ഷത്തുള്ളവർ എത്ര ശക്തരാണെങ്കിലും ഇവർക്ക് നീതി ലഭിക്കണം; ടൊവീനോ
11:37 AM May 31, 2023 | Deepika.com