കാലിഗ്രാഫിയിൽ ആയിരം പേരുകളെഴുതി ശ്യാമളന്‍റെ റിക്കാർഡ് നേട്ടം

10:42 PM Sep 25, 2017 | Deepika.com
ന്യൂഡൽഹി: കൈഅക്ഷരങ്ങൾ കൊണ്ട് ലോക റിക്കാർഡ് ഭേദിക്കുന്ന ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ പി.പി. ശ്യാമളൻ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി.

രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ ഭക്തജനങ്ങളേയും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി ആളുകളെയും സാക്ഷിയാക്കി ഗുരുദേവനു മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തിയായിരുന്നു ശ്യാമളന്‍റെ തുടക്കം. തുടർന്നു തന്‍റെ നാട്ടിലെ അന്പലത്തിലെ ഇഷ്ട ദൈവമായ ദുർഗയുടെ പേര് കുഴുവേലി അമ്മ’ എന്നെഴുതി തുടക്കമിട്ടു. രണ്ടാമത് ഗണപതിയുടെ നാമം ഗണേശ്’, മൂന്നാമത് ഗുരുവിന്‍റെ പേര് നാരായണൻ’ നാലാമത് വർക്കല ശാരദാദേവി ശാരദ’ പിന്നെ സ്വന്തം അമ്മ ലീല’അച്ഛൻ പരമു ശ്രീ നാരായണ ധർമ്മ പരിപാലന യോഗം, ഡൽഹി യൂണിയൻ പ്രസിഡന്‍റ് മണിയപ്പൻ പേരുകളുടെ എണ്ണം അങ്ങനെ നീണ്ട് ആയിരത്തിലെത്തി. മൂന്നു മണിക്കൂറും മുപ്പത്തി രണ്ടു മിനിറ്റും എടുത്താണ് ശ്യാമളൻ റിക്കാർഡ് നേട്ടം കൈവരിച്ചത്.

നാലു മണിക്കൂർ ആണ് സമയം നിജപ്പെടുത്തിയിരുന്നത്. അഞ്ച് അക്ഷരങ്ങളിൽ കുറവുള്ള പേരുകൾ എഴുതുവാൻ സംഘാടകർ അനുവദിച്ചിരുന്നില്ല. ഇന്ത്യാ സ്റ്റാർ വേൾഡ് റിക്കാർഡ് പ്രതിനിധി രാകേഷ് വൈദ് നിരീക്ഷകനായിരുന്നു. ചടങ്ങിൽ സർട്ടിഫിക്കറ്റും ഫലകവും ശ്യാമളൻ ഏറ്റു വാങ്ങി.

എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി കല്ലറ മനോജ് പ്രസംഗിച്ചു. പങ്കെടുത്തവർക്കായി ഭക്ഷണവും ഡൽഹി യൂണിയൻ ഒരുക്കിയിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി